ലഹരിമാഫിയയെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10-ാമത് ബാച്ച് സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളെ ലഹരിമാഫിയ ലക്ഷ്യംവയ്ക്കുകയാണ്. നിരവധിപേര്‍ ഇവരുടെ ഇരകളായി മാറിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ കൈകൊള്ളണം. ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പനയ്ക്കെതിരെ നടപടികള്‍ എടുക്കുന്നതില്‍ ഈ സര്‍ക്കാര്‍ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്. 600 കോടിരൂപയുടെ മയക്കുമരുന്നുകളാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പിടികൂടിയത്. 15000 മയക്കുമരുന്നുകേസുകളും 47000 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവില്‍പ്പനയും ഉപയോഗവും തടയാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം വ്യാപിപ്പിക്കും. എക്സൈസ്് ചെക്ക്പോസ്റ്റുകളുടെ എണ്ണം കൂട്ടും. സ്കൂളുകളിലും കോളേജുകളിലും പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബുകളുടെ എണ്ണം സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കും. എക്സൈസ് വകുപ്പില്‍ ആധുനികവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍െ്റ ഭാഗമായി എക്സൈസ് അക്കാദമിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തും. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. മൊത്തം സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ലഹരിവര്‍ജനത്തിലൂടെ ലഹരിവിമക്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വിട്ടുവീഴ്ച്ച ചെയ്യരുത്. സമൂഹത്തിന്‍െ്റ കാവല്‍ക്കാരായി നില്ക്കാന് ഉദ്യോഗസ്ഥര്‍ക്കാകണം. പ്രതിബദ്ധതയും സേവനസന്നദ്ധതയും കാഴച്ചവയ്ക്കുകയും അഴിമതിയുടെ കറപുരളരുത്. അഴിമതി സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. സാധാരണക്കാരെ അനുഭാവത്തോടെ പരിഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണമെന്നും മതനിരപേക്ഷ നിലപാട് സ്വകീരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിഷ്ക്കരിച്ച എക്സൈസ് മാന്വല്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന് നല്കി മന്ത്രി പ്രകാശനം ചെയ്തു. കേരള പോലീസ് അക്കാദമി എഡിജിപി (ട്രെയിനിംഗ്) ഉം ആന്‍ഡ് ഡയറക്ടറുമായ ഡോ. ബി. സന്ധ്യ, ഡിജിപിയും എക്സൈസ് കമ്മീഷ്ണറുമായ ഋഷിരാജ് സിംഗ് എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. കേരള പോലീസ് അക്കാദമിയില്‍നിന്നും 180 ദിവസത്തെ പരിശീലനം പൂര്‍ത്തയാക്കിയ 116 പേരാണ് പരേഡില്‍ പങ്കെടുത്തത്. മികച്ച ഔട്ട്ഡോര്‍ ട്രെയിനി ആന്‍ഡ് ഓള്‍റൗണ്ടര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അര്ജുന് കെ., മികച്ച ഇന്‍ഡോര്‍ ട്രെയിനിയായി തിരഞ്ഞെടുക്കപ്പെട്ട എ ദിപിന്‍കുമാര്‍, മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ബി സുദീപ് എന്നിവര്‍ക്ക് മന്ത്രി പുരസ്ക്കാരങ്ങള്‍ നല്കി.
Post Your Comments