2019 ജനറൽ ഇലക്ഷന് മുന്നോടിയായി വോട്ടർമാർക്കിടയിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആന്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) ആക്ഷൻ പ്ലാൻ തയ്യാറാക്കും. തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാർ തയ്യാറാക്കുന്ന ജില്ലാതല ആക്ഷൻ പ്ലാനുകൾ പരിശോധിച്ച് മികച്ച ബോധവത്രണ പരിപാടികൾ ഉൾപ്പെടുത്തിയാവും സംസ്ഥാന സ്വീപ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക. സംസ്ഥാനതലത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി ഇലക്ഷൻ കമ്മീഷന്റെ അംഗീകാരത്തിനായി സമർപ്പിക്കും. അംഗീകാരം ലഭിച്ച ശേഷം സംസ്ഥാനാടിസ്ഥാനത്തിൽ പ്ലാൻ നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നോഡൽ ഓഫീസർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടി ഐ. എം. ജിയിൽ ആരംഭിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണ ഉദ്ഘാടനം ചെയ്തു.
അംഗപരിമിതർ, ട്രാൻസ്ജെൻഡറുകൾ, എൻ. ആർ. ഐ വോട്ടർമാർ, ആദിവാസി മേഖലയിലെ വോട്ടർമാർ എന്നിവർക്കിടയിൽ വിപുലമായ പ്രചാരണം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. സ്വീപിന്റെ ഭാഗമായി കുട്ടികൾക്ക് ചിത്രരചന, ക്വിസ്, ഉപന്യാസ രചനാ മത്സരങ്ങൾ നടത്തും. ഇതോടൊപ്പം കൂട്ടയോട്ടം, ഫ്ളാഷ് മോബ്, പ്രചാരണ വീഡിയോകൾ എന്നിവയും ഉപയോഗിക്കും. വോട്ടർമാർക്കിടയിൽ വ്യാപകമായ പ്രചാരണം നടത്തുന്നതിന് മികച്ച എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തും. ഐ. എം. ജിയിൽ ആരംഭിച്ച പരിപാടിയിൽ അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർമാരായ ബി. സുരേന്ദ്രൻ പിള്ള, പി. ഷേർളി എന്നിവരും സംസ്ഥാന മാസ്റ്റർ ട്രെയിനറായ ഡോ. ഇന്ദിരയുമാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.
Post Your Comments