‘ രാഹുല്‍ ഗാന്ധിക്ക് എങ്ങിനെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവാനാവും?. നടക്കാത്ത കാര്യം പറഞ്ഞിട്ടെന്ത് പ്രയോജനം …..’. ഇത് സാധാരണക്കാരനായ ഒരാളുടെ വാക്കുകളല്ല; മറിച്ച് ഇക്കാര്യം ഉന്നയിച്ചത് ബിജെപി നേതാവും രാജ്യസഭാംഗവുമായ ഡോ. സുബ്രമണ്യന്‍ സ്വാമിയാണ്. ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍ എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ആണ് രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആവുമെന്നും പ്രതിപക്ഷ നിരയെ നയിക്കുന്നത് അദ്ദേഹമാവുമെന്നുമൊക്കെ പ്രഖ്യാപിച്ചത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചതും മിസോറാമിലും തെലങ്കാനയിലും തോറ്റതുമൊക്കെ കണക്കിലെടുത്തുകൊണ്ടാവണം സ്റ്റാലിന്‍ അങ്ങിനെ പ്രഖ്യാപിച്ചത്. ആ പ്രതിമ അനാച്ഛാദന ചടങ്ങിന് വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ ഇതുപോലൊരു പ്രസ്താവന വേണമെന്ന് ഡിഎംകെ ആഗ്രഹിച്ചതാണോ അതോ രാഹുല്‍ ഗാന്ധി അത് ആവശ്യപ്പെട്ടുവോ …. അറിയില്ല. എന്നാല്‍ ആ പ്രതീക്ഷ നടക്കാന്‍ പോകുന്നില്ല എന്നതാണ് ഡോ. സ്വാമിയുടെ നിലപാട്. 2004 ല്‍ പ്രധാനമന്ത്രി ആവാന്‍ കുപ്പായമിട്ട് രാഷ്ട്രപതി ഭവാനിലെത്തിയ സോണിയ ഗാന്ധിക്ക് അത് കിട്ടാതെവന്നതിന് പിന്നിലുണ്ടായിരുന്നതും അതേ സ്വാമിയാണ് എന്നത് ഓര്‍ക്കുക. അതുകൊണ്ട് സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും അത് രാഹുലിന്റെ മുഖത്തെ മ്ലാനത വര്‍ധിപ്പിച്ചിട്ടേയുള്ളു. എല്ലാം സ്വയം കൃതാനര്‍ത്ഥം; സ്വന്തം നിലക്ക് ചെയ്തുകൂട്ടിയതാണ് രാഹുലിന് വിനയാവുന്നത് എന്നതും ഓര്‍ക്കുക.
ഇറ്റലിയില്‍ ജനിച്ചതാണ് സോണിയക്ക് പ്രശ്‌നമായത്. അവിടത്തെ നിയമം അനുവദിക്കാത്തത് ഇന്ത്യക്ക് ആ നാട്ടിലെ പൗരയായിരുന്ന ഒരാള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന നിയമ വശമാണ് സുബ്രമണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടിയത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനും ശരിവെച്ചു. അങ്ങിനെ അവസാനം മോഹങ്ങള്‍ മനസില്‍ വെച്ചോളാന്‍ അന്നത്തെ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാം സോണിയയോട് പറയുകയായിരുന്നു. അങ്ങിനെ ഒരാള്‍ക്ക് ഇന്ത്യയില്‍ ജനപ്രതിനിധി ആകാമോ എന്നും മറ്റുമുള്ള പ്രശ്‌നങ്ങള്‍ ബാക്കിയാണ്. അതൊക്കെ പോട്ടെ, അതിനേക്കാള്‍ വലിയ പ്രശ്‌നമാണ് രാഹുല്‍ ഗാന്ധി നേരിടുന്നത്. രാഹുലിന് ഇറ്റാലിയന്‍ പൗരത്വമുണ്ട് എന്നും മറ്റും സ്വാമി നേരത്തെ സൂചിപ്പിച്ചിരുന്നു. അവിടത്തെ പള്ളിയില്‍ അത് രേഖപ്പെടുത്തിയിരിക്കണം എന്നും എന്നാല്‍ തനിക്ക് അത് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുമാണ് അദ്ദേഹത്തെ നിലപാട്. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ അന്വേഷണം തുടരുന്നു എന്നുതന്നെയാണ്. അത് നടക്കട്ടെ, എന്നെങ്കിലും സത്യം പുറത്തുവന്നല്ലേ പറ്റൂ. ഇവിടെ ഇക്കാര്യത്തില്‍ സ്വാമിയെ അവിശ്വസിക്കേണ്ട ഒരു കാര്യമുണ്ട് എന്ന് തോന്നുന്നില്ല.
രാഹുല്‍ ചെന്ന് പെട്ടിട്ടുള്ള പ്രശ്‌നം അതൊന്നുമല്ല, അത് ചെറിയ ഒരു പ്രശ്‌നവുമല്ല. ബ്രിട്ടീഷ് സര്‍ക്കാരിനും അവിടത്തെ ബാങ്കിനുമൊക്കെ താന്‍ ബ്രിട്ടീഷ് പൗരനാണ് എന്നുള്ള കത്തും സത്യവാങ്മൂലവും മറ്റും നല്‍കി എന്നതാണ് അദ്ദേഹത്തെ ഇപ്പോള്‍ വേട്ടയാടുന്നത്. അതിന്റെ വിശദാംശങ്ങള്‍, സര്‍ക്കാര്‍ രേഖകള്‍ സുബ്രമണ്യന്‍ സ്വാമി നേരത്തെ പുറത്തുവിട്ടിരുന്നു. ഇതാണ് ആ സംഭവപരമ്പര: ബാക്കോപ്‌സ് എന്ന് പേരുള്ള ഒരു കമ്പനി രാഹുല്‍ ഗാന്ധി ലണ്ടനില്‍ തുടങ്ങി; അതില്‍ ഏതാണ്ട് 65 ശതമാനം ഓഹരിയും രാഹുല്‍ ഗാന്ധിക്കാണ്. ഇംഗ്ലണ്ടിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് – ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മുന്‍പാകെ സമര്‍പ്പിച്ച കമ്പനിയുടെ ഇന്‍കോര്‍പറേഷന്‍ പേപ്പറുകള്‍ പ്രകാരം രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത് താന്‍ ബ്രിട്ടീഷ് പൗരനാണ് എന്നാണ്. ഇന്‍കോര്‍പറേഷന്‍ പേപ്പര്‍ നമ്പര്‍ 4874597 ആണ്; 2003 ആഗസ്റ്റ് 21 നാണ് അത് ഫയല്‍ ചെയ്തത്. താന്‍ ബ്രിട്ടീഷ് പൗരനാണ് എന്ന് പറയുന്ന രാഹുല്‍ മേല്‍വിലാസമായി കാണിച്ചത് 51 സൗത്ത് ഗേറ്റ് സ്ട്രീറ്റ്, വിന്‍ചെസ്റ്റര്‍, ഹാംപ്ഷെയര്‍ എന്നാണ്.
അതിനിടെ രാഹുല്‍ വിന്‍സി എന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ ബെര്‍ക്ലയ്സ് ബാങ്കില്‍ ഒരു അക്കൗണ്ടും തുടങ്ങിയിരുന്നു. 504664922071640796 ആണ് ആ അക്കൗണ്ട് നമ്പര്‍. 1996 ജൂലൈ 18 -നാണ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്; 2014 ഡിസംബര്‍ 10 ന് അത് ക്ലോസ് ചെയ്തു. ആ ബാങ്ക് അക്കൗണ്ടിലും നേരത്തെ കമ്പനി തുടങ്ങാനായി കാണിച്ച മേല്‍വിലാസം തന്നെയാണ് കാണിച്ചത്. രാഹുല്‍ ഗാന്ധി, രാഹുല്‍ വിന്‍സി എന്നിവരുടേത് ഒരേ ജനന തീയതി ആണ്; 1970 ജൂണ്‍ 19. വിദേശത്ത് പഠിക്കുമ്പോള്‍ രാഹുല്‍ തന്റെ പേര് കാണിച്ചിരുന്നത് രാഹുല്‍ വിന്‍സി എന്നാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേംബ്രിഡ്ജില്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സില്‍ കാണിച്ചത് അതെ പേരാണ് എന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യയിലെ ഒരു പൗരന്‍ വിദേശത്തു പൗരത്വമെടുത്തത് വലിയ നിയമപ്രശ്‌നമാണ്. ഇത് രാജ്യത്തെ നിയമങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ് എന്നതാണ് ആക്ഷേപം. ഒന്ന് ; ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം ഒന്‍പത് പ്രകാരം ഇന്ത്യന്‍ പൗരന് ഒരു വിദേശ രാജ്യത്തെ പൗരത്വം എടുക്കാന്‍ അധികാരമില്ല. ബ്രിട്ടന്‍ ഇരട്ട പൗരത്വം അനുവദിക്കുന്ന രാജ്യമാണ്; എന്നാല്‍ ഇന്ത്യ അങ്ങിനെയല്ല. അനുച്ഛേദം 18 പ്രകാരം ഇന്ത്യന്‍ പൗരന് വിദേശത്തു നിന്ന് എന്തെങ്കിലും അംഗീകാരങ്ങള്‍ കൈപ്പറ്റുന്നതിന് പോലും വിലക്കുണ്ട്. അത്രക്ക് ഗൗരവതാരമാണ് നമ്മുടെ നിയമങ്ങള്‍. ഭരണഘടനാ ലംഘനം സംഭവിച്ചതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ഇനി മേല്‍ ഇന്ത്യന്‍ പൗരനായി തുടരാനാവില്ല; അതുകൊണ്ടുതന്നെ ലോകസഭാംഗമായി തുടരാനും കഴിയില്ല. ലോകസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണം എന്ന് സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് : ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായിട്ടുള്ള ഒരാള്‍ക്കും നിലവിലെ നിയമം അനുസരിച്ച്, മുന്‍കൂര്‍ അനുമതി കൂടാതെ, വിദേശത്ത് ഒരു കമ്പനി തുടങ്ങാനോ കൊണ്ടുനടക്കാനോ കഴിയില്ല. അതും രാഹുല്‍ ഗാന്ധി ഇവിടെ ലംഘിച്ചിരിക്കുന്നു. 2009- ലാണ് രാഹുലിന്റെ ബ്രിട്ടീഷ് കമ്പനി നിര്‍ത്തലാക്കുന്നത്.
ഇക്കാര്യങ്ങള്‍ 2015- ല്‍ സ്വാമി ലോകസഭാ സ്പീക്കറുടെ ശ്രദ്ധയില്‍ രേഖാമൂലം കൊണ്ടുവന്നിരുന്നു; സ്പീക്കര്‍ അത് പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടു. എന്നാല്‍ ഇതുവരെ ആ കമ്മിറ്റി അക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. എല്‍കെ അദ്വാനിയാണ് അതിന്റെ ചെയര്‍മാന്‍. ഇതിനെത്തുടര്‍ന്ന് സ്വാമി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതിയായി കൊടുത്തു. അതിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നറിയുന്നു.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്റെ മൊഴിയുമെടുത്തതായാണ് സൂചനകള്‍. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിക്രമങ്ങളിലേക്ക് സര്‍ക്കാരിന് കടക്കാനാവും; അതായത് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കപ്പെടാം. കാത്തിരിക്കുക; അപ്പോഴാണ് ചിലര്‍ പ്രധാനമന്ത്രി പദം മോഹിപ്പിക്കുന്നത്.
അനുബന്ധ രേഖകള്‍: പേജ് 1- 2 : കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് സ്വാമി നല്‍കിയ പരാതി. പേജ് : 3- 4 : ഇംഗ്ലണ്ടില്‍ കമ്പനി രെജിസ്റ്റര്‍ ചെയതുമായി ബന്ധപ്പെട്ട രേഖ; അതില്‍ രാഹുല്‍ ഗാന്ധിയുടെ പേരും ബ്രിട്ടനിലെ മേല്‍വിലാസവും ഒക്കെ കാണാം. പേജ് 5 : എന്‍ഫോഴ്സ്മെന്റ് ഡിറക്ടര്‍ക്ക് സ്വാമി അയച്ച കത്ത്.
Post Your Comments