Latest NewsKerala

സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണം – മുഖ്യമന്ത്രി പിണറായി വിജയൻ

കേരള വോളൻററി യൂത്ത് ആക്ഷൻ ഫോഴ്‌സി'ന്റെ പ്രഖ്യാപനം നിർവഹിച്ചു

തിരുവനന്തപുരം : സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന ‘കേരള വോളൻററി യൂത്ത് ആക്ഷൻ ഫോഴ്‌സി’ന്റെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയകാലത്ത് യുവതയുടെ പ്രസരിപ്പോടെയുള്ള ഇടപെടൽ രക്ഷാപ്രവർത്തനങ്ങൾക്ക് വൻതോതിൽ സഹായമായതായും അദ്ദേഹം പറഞ്ഞു.

ആവശ്യം തിരിച്ചറിഞ്ഞ് ഇടപെടാനുള്ള ശേഷി പ്രകടിപ്പിക്കുകയായിരുന്നു പ്രളയകാലത്ത് യുവാക്കൾ. സാമൂഹ്യപ്രതിബദ്ധത ഇന്നത്തെ യുവാക്കൾ കുറവാണെന്ന ആക്ഷേപം തിരുത്താനും അവർക്ക് കഴിഞ്ഞു. അങ്ങനെയുള്ളവർക്ക് കൃത്യമായ പരിശീലനം കൂടി നൽകിയാൽ ആപത്ഘട്ടങ്ങളിൽ ചെയ്യുന്ന സഹായങ്ങൾ കൂടുതൽ ഗുണപ്രദമാകും. അതു തിരിച്ചറിഞ്ഞ് അതിനുള്ള സംവിധാനമാണ് യുവജനക്ഷേമ ബോർഡ് ഒരുക്കുന്നത്. സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ എപ്പോഴും യുവജനങ്ങൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. എല്ലാ ചിന്താഗതിക്കാരും ഒരുമിച്ച് നിന്ന് നാടിനെ മുന്നോട്ടുനയിക്കാൻ ആക്ഷൻ ഫോഴ്‌സിലൂടെ സാധിക്കും. ഏതുശക്തി പിറകോട്ടടിക്കാൻ ശ്രമിച്ചാലും അത് തടയാനുള്ള ശേഷി കേരളസമൂഹത്തിനുണ്ടെന്ന് യുവജനങ്ങൾ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെങ്ങും യുവജനക്കൂട്ടായ്മകൾ ശക്തിപ്പെടുന്ന കാലഘട്ടമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ-കായിക-യുവജനവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക സവിശേഷതകളുള്ള കേരളത്തിൽ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാക്കാനാണ് ഒരുലക്ഷംപേരെ സന്നദ്ധസേനയായി അണിനിരത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്നെത്തിയ സന്നദ്ധസേനാംഗങ്ങൾ പ്രതിജ്ഞയെടുത്തു. ജില്ലാ ക്യാപ്റ്റൻമാർക്ക് ചടങ്ങിൽ ബാഡ്ജ് വിതരണവും നടന്നു. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോം, യുവജന ക്ഷേമ ബോർഡ് അംഗങ്ങളായ ഷെരീഫ് പാലോളി, സന്തോഷ് കാല തുടങ്ങിയവർ സംബന്ധിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു സ്വാഗതവും മെമ്പർ സെക്രട്ടറി ആർ.എസ്. കണ്ണൻ നന്ദിയും പറഞ്ഞു. ഒരുലക്ഷം യുവസേനാംഗങ്ങളെ സന്നദ്ധസേനയായി തിരഞ്ഞെടുത്ത് പരിശീലനം നൽകി പ്രതിസന്ധിഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുകയാണ് യുവജനക്ഷേമ ബോർഡിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button