മലപ്പുറം : സിഐടിയു നേതാവ് ഉള്‍പ്പെട്ട കണ്‍സ്യൂമര്‍ ഫെഡ് അഴിമതി കേസിലെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. കഴിഞ്ഞ യൂഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുറത്ത് വന്ന റിപ്പോര്‍ട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂഴ്ത്തിയത്. 2011-13 കാലഘട്ടത്തില്‍ പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് കണ്‍സ്യൂമര്‍ ഫെഡില്‍ നടത്തിയ പച്ചക്കറി മേളയില്‍ എട്ടരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ബില്ലുകളില്‍ കൃത്രിമം കാട്ടി, വ്യാജ ബില്ലുകള്‍ സംഘടിപ്പിച്ചു, വിപണി വിലയേക്കാള്‍ അധിക നിരക്കില്‍ പച്ചക്കറികള്‍ സംഭരിച്ചു എന്നിവയായിരുന്നു കണ്ടെത്തല്‍. എട്ടുകോടി രൂപയ്ക്ക് പച്ചക്കറി വാങ്ങിയതില്‍ നാലരക്കോടിയും ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ്. 58 ലക്ഷം രൂപയുടെ പച്ചക്കറി വില്‍ക്കാന്‍ അധിക ചെലവായി 19 ലക്ഷം രൂപ എഴുതിയെടുത്തിട്ടുണ്ട്.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ത്വരിത റിപ്പോര്‍ട്ട് 2015 ല്‍ തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിഐടിയു നേതാവും അന്നത്തെ കണ്‍സ്യുമര്‍ ഫെഡ് എംഡിയും നേരിട്ട് ഇടപെട്ടെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി കണ്ടെത്താനുള്ള ഓപ്പറേഷന്‍ അന്നപൂര്‍ണ്ണക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് സിഐടിയു നേതാവിനെതിരായ കേസ് അവസാനിപ്പിക്കാനാണ് വിജിലന്‍സ് നീക്കം.
Post Your Comments