ഒഡീഷ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെതായ് കിഴക്കൻ ഗോദാവരി ജില്ലയിലെ കാകിനാഡയിൽനിന്ന് 40 കിലോമീറ്റർ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപം ആഞ്ഞുവീശി. ആന്ധ്രതീരം പിന്നിട്ട് ദുർബലമായിട്ടാണ് ഒഡിഷ തീരത്തേക്കു കടന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ആന്ധ്രതീരത്തെ കിഴക്കൻ ഗോദാവരി, പടിഞ്ഞാറൻ ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, കൃഷ്ണ, ഗുണ്ടൂർ ജില്ലകളിൽ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായി. 60,000 ഏക്കർ കൃഷി നശിച്ചതായാണ് റിപ്പോർട്ട്.
വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് മിക്കയിടത്തും വൈദ്യുതിവിതരണം തകരാറിലായി. പല റോഡുകളിലും മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടു. തീരദേശത്തുള്ള ഒട്ടേറെ വീടുകളും തകർന്നു. മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലിൽ പോയ ചില ബോട്ടുകൾ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. മുൻകരുതലായി ആറായിരത്തിലേറെപ്പേരെ തീരപ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപംകൊണ്ടത്. അത് പിന്നീട് ഫെതായ് ചുഴലിക്കാറ്റായി തീവ്രതയാർജിച്ച് ആന്ധ്രാ തീരത്തേക്കു നീങ്ങി. തീവ്രത കുറഞ്ഞതിനാൽ വൻദുരന്തങ്ങൾ ഒഴിവായി.
Post Your Comments