KeralaLatest News

വനിതാമതിൽ: ജില്ലകളിൽ സംഘാടക സമിതികളായി

25നകം വാർഡ് തല കമ്മിറ്റികൾ ചേരും

തിരുവനന്തപുരം : നവോത്ഥാന സംരക്ഷണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് വനിതാമതിൽ സൃഷ്ടിക്കുന്നതിന് ജില്ലകളിൽ സംഘാടക സമിതികളായി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ പുരോഗമിക്കുകയാണ്. 25നകം വാർഡുതല കമ്മിറ്റികൾ ചേരും. സമൂഹ മാധ്യമങ്ങളിലൂടെ വിപുലമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലകളിൽ നിന്നും പങ്കെടുക്കേണ്ട വനിതകളുടെ എണ്ണവും അവർ അണിനിരക്കേണ്ട സ്ഥലങ്ങളും തീരുമാനിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും വനിതാ മതിൽ സംബന്ധിച്ച വിവരം കൈമാറുന്നതിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മൂന്നു ലക്ഷം വനിതകൾ മതിലിന്റെ ഭാഗമാവും. ജില്ലയിൽ കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമവരെ 43.5 കിലോമീറ്റർ നീളത്തിലാണ് മതിൽ തീർക്കുക. കൊല്ലത്ത് ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 58 കിലോമീറ്റർ നീളത്തിൽ മതിൽ സൃഷ്ടിക്കും. മൂന്നു ലക്ഷം വനിതകൾ പങ്കെടുക്കും. കൊല്ലത്ത് വാർഡ് തലത്തിൽ വരെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ച് വിവരം കൈമാറുന്നുണ്ട്.

ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ ഓച്ചിറ വരെ 97 കിലോമീറ്റർ ദൂരത്തിൽ നാലു ലക്ഷം വനിതകളെയാണ് അണിനിരത്തുക. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് 60,000 വീതം വനിതകളെ ആലപ്പുഴ ജില്ലയിലെ മതിലിൽ പങ്കാളികളാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നവോത്ഥാന സന്ദേശം ജനങ്ങളിലെത്തിക്കാൻ രണ്ടു ലക്ഷം ലഘുലേഖകൾ പത്തനംതിട്ടയിൽ വിതരണം ചെയ്യും. എറണാകുളം ജില്ലയിൽ കറുകുറ്റി മുതൽ അരൂർ വരെ 49 കിലോമീറ്ററിലാണ് മതിൽ തീർക്കുക. മൂന്നു ലക്ഷം വനിതകൾ മതിലിൽ അണിനിരക്കും. ഇടുക്കി ജില്ലയിൽ നിന്നുള്ള 45,000 സ്ത്രീകളും എറണാകുളത്തെ മതിലിൽ പങ്കാളികളാവും. കറുകുറ്റി, നെടുമ്പാശേരി, ചെങ്ങമനാട്, ചൂർണിക്കര, കുമ്പളം പഞ്ചായത്തുകളിലൂടെയും അങ്കമാലി, ആലുവ, കളമശേരി, കൊച്ചി, മരട് നഗരസഭകളിലൂടെയുമാണ് എറണാകുളത്ത് മതിൽ സൃഷ്ടിക്കുന്നത്. തൃശൂർ ജില്ലയിൽ ചെറുതുരുത്തി മുതൽ കറുകുറ്റി വരെ 73 കിലോമീറ്റർ വനിതാ മതിൽ സൃഷ്ടിക്കും. മൂന്നു ലക്ഷം വനിതകൾ പങ്കാളികളാവും. പാലക്കാട് ജില്ലയിൽ പുലാമന്തോൾ മുതൽ ചെറുതുരുത്തി വരെ 26 കിലോമീറ്ററാണ് മതിൽ തീർക്കുക. വിശദമായി യോഗം പാലക്കാട് ഡിസംബർ 18നു നടക്കും.

മലപ്പുറം ജില്ലയിൽ രാമനാട്ടുകര, മലപ്പുറം, പെരിന്തൽമണ്ണ റൂട്ടിൽ 55 കിലോമീറ്റർ നീളത്തിലാവും മതിൽ. 1.80 ലക്ഷം വനിതകൾ മതിലിൽ പങ്കാളികളാവും. പ്രചാരണത്തിന്റെ ഭാഗമായി ബൈക്ക് റാലിയും കുട്ടികൾക്കായി പോസ്റ്റർ രചനാ മത്‌സരവും സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിൽ 74 കിലോമീറ്റർ നീളത്തിലുള്ള മതിലിൽ മൂന്നു ലക്ഷം പേർ പങ്കെടുക്കും. ഏഴു പഞ്ചായത്തുകൾ, നാല് മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ പരിധിയിലൂടെയാണ് മതിൽ സൃഷ്ടിക്കുക. കണ്ണൂർ ജില്ലയിൽ അഞ്ച് ലക്ഷം വനിതകളാണ് മതിലിന്റെ ഭാഗമാവുക. വയനാട് ജില്ലയിൽ നിന്നുള്ള 35,000 സ്ത്രീകൾ കോഴിക്കോട് ജില്ലയിൽ മതിലിന്റെ ഭാഗമാവും.

മാനന്തവാടി, പനമരം ബ്‌ളോക്കുകളിലുള്ളവർ വടകരയിലും കൽപറ്റ, സുൽത്താൻ ബത്തേരി ബ്‌ളോക്കുകളിലുള്ളവർ കോഴിക്കോട് മലാപറമ്പ്, തൊണ്ടയാട് ഭാഗങ്ങളിലും അണിനിരക്കും. കാസർകോട് താലൂക്ക് ഓഫീസ് മുതൽ കാലിക്കടവ് വരെ ഒരു ലക്ഷം വനിതകൾ മതിലിൽ അണിനിരക്കും. നവോത്ഥാന മതിലിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിനായി വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഭവന സന്ദർശനവും വിളംബര ജാഥകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നിശ്ചയിച്ചിരിക്കുന്നതിൽ കൂടുതൽ വനിതകളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനവും പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button