ശബരിമല : ശബരിമലയിലേക്കു ഭക്തജനപ്രവാഹം. രാത്രി 12 മുതല്‍ വൈകിട്ട് 7.30 വരെയുളള കണക്കനുസരിച്ച് 83,648 പേര്‍ മലകയറി ദര്‍ശനം നടത്തി. തിരക്കു പരിഗണിച്ച് വലിയനടപ്പന്തലില്‍ വെര്‍ച്വല്‍ക്യു പാസുകാര്‍ക്ക് പ്രത്യേക ക്യു ഏര്‍പ്പെടുത്തി. ഒപ്പം വടക്കേനടയിലുടെ ദര്‍ശനത്തിനു പൊലീസ് പുതിയ പരിഷ്‌ക്കാരവും കൊണ്ടുവന്നു.
പകലാണ് അയ്യപ്പന്മാരുടെ പ്രവാഹം തുടങ്ങിയത്. രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ മാത്രമുള്ള കണക്ക് അനുസരിച്ച് 47,799 പേരാണ് എത്തിയത്. തിരക്ക് കുറവായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യു പാസ് ഉള്ളവരെയും അല്ലാത്തവരെയും ഒരുപോലെ ഒറ്റ ക്യുവിലൂടെയാണ് കടത്തിവിട്ടത്. തിരക്കു കൂടിയപ്പോള്‍ വെര്‍ച്വല്‍ ക്യുവിലുള്ളവരെ പ്രത്യേകമായി തിരിച്ചുവിടാന്‍ കഴിഞ്ഞത് ഒരുവിഭാഗത്തിനെങ്കിലും ആശ്വാസമായി.
കഴിഞ്ഞ ദിവസങ്ങള്‍ ഉച്ചപൂജ കഴിഞ്ഞു നടഅടച്ചാല്‍ അപ്പോള്‍ തന്നെ പതിനെട്ടാംപടി കയറുന്നതു നിര്‍ത്തിവയ്ക്കുമായിരുന്നു. തിരക്കു കൂടിയതോടെ ഉച്ചപൂജ കഴിഞ്ഞു നടഅടച്ച ശേഷം 2 വരെ തീര്‍ഥാടകരെ പടികയറാന്‍ അനുവദിച്ചു. നട തുറക്കുമ്പോള്‍ തന്നെ ദര്‍ശനത്തിന് ഇവരെ നേരത്തെതന്നെ വടക്കേനടയിലെ ക്യുവിലും കയറ്റി ഇരുത്തി. അതിനാല്‍ നടതുറക്കുമ്പോള്‍ വടക്കേനടയിലൂടെ ദര്‍ശനത്തിനു പോകാന്‍ മാളികപ്പുറം നടപ്പന്തലിലെ പ്രവേശന കവാടത്തില്‍ തിക്കും തിരക്കും കൂട്ടുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു.
Post Your Comments