തിരുവനന്തപുരം • തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ ഉടനടി നിര്‍ത്തിവയ്‌ക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുസ്വത്തായ ഈ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്‌ഥാന സര്‍ക്കാരിന് കൈമാറണം. വിമാനത്താവളം വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച നടപടി എത്രയും വേഗം മരവിപ്പിക്കാന്‍ തയ്യാറാകണം. ജനവികാരം മറികടന്ന് വില്‍പ്പന നടപടികളുമായി മുന്നോട്ടുപോയാല്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും.
കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിമാനത്താവളം വില്‍ക്കാനുള്ള തീരുമാനം. പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടമായതും കേന്ദ്ര നിലപാട് മൂലമാണ്. ദേശീയപാത വികസനം മന്ദഗതിയിലാക്കിയതും ബി.ജെ.പി സര്‍ക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടിയാണ്. ഈ നിലപാട് അടിയന്തരമായി തിരുത്തണം.
വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളിയാണ് വില്‍ക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 635 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് തുച്ഛവിലയ്‌ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവള വികസനത്തിന് കേരളം ഇതിനകം ആയിരം കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. ഇനിയും തുക ചെലവിടാന്‍ സംസ്ഥാനം ഒരുക്കമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കാനാണ് കേന്ദ്ര നീക്കം. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് എല്‍.ഡി.എഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments