Latest NewsGulf

യു.എ.ഇ.യില്‍നിന്ന് മുങ്ങിയ മലയാളിയായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ ഉടന്‍ തിരിച്ചുവരുമെന്ന് സന്ദേശം

സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

ഷാര്‍ജ: യു.എ.ഇ.യില്‍നിന്ന് മുങ്ങിയ മലയാളിയായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ ഉടന്‍ തിരിച്ചുവരുമെന്ന് സന്ദേശം. ജീവനക്കാരെ പറ്റിക്കില്ല. സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ.  ബാധ്യതകള്‍ ബാക്കിയാക്കിയും ജീവനക്കാരെയും വിതരണക്കാരെയും പെരുവഴിയിലാക്കിയും സ്ഥലംവിട്ട ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി തിരിച്ചെത്തുമെന്നാണ്് സന്ദേശത്തില്‍ പറയുന്നത്. യു.എ.ഇ.യിലും കേരളത്തിലുമായി ഇരുപതിലേറെ ശാഖകളുള്ള അല്‍ മനാമ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ കൊല്ലം സ്വദേശി അബ്ദുള്‍ഖാദര്‍ ഷബീറാണ് ആരെയും പറ്റിച്ചിട്ടില്ലെന്നും വൈകാതെ തിരിച്ചുവരുമെന്നും വാട്‌സാപ്പ് ശബ്ദസന്ദേശത്തില്‍ അറിയിച്ചത്.

മാസങ്ങള്‍ക്കുമുമ്പ് സ്ഥലംവിട്ട ഷബീര്‍ കാനഡയിലേക്ക് കുടിയേറിയെന്ന് സാധനങ്ങള്‍ നല്‍കിയ വകയില്‍ വന്‍തുക കിട്ടാനുള്ള മൊത്തവിതരണക്കാര്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ എവിടെയാണെന്ന് സന്ദേശത്തില്‍ പറയാതിരുന്ന ഇയാള്‍ രണ്ടാഴ്ചയ്ക്കകം സ്ഥലം വെളിപ്പെടുത്തുമെന്നും പറയുന്നുണ്ട്.

ആര്‍ക്കും ബാധ്യത ബാക്കിവെക്കില്ലെന്നും സമയബന്ധിതമായി കൊടുത്തുതീര്‍ക്കുമെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ കൊടുക്കാമെന്ന ഉറപ്പ് സന്ദേശത്തില്‍ നല്‍കുന്നില്ല. അല്‍ മനാമയുടെ പേരില്‍ 21 ചെറുതും വലുതുമായ സൂപ്പര്‍മാര്‍ക്കറ്റുകളായിരുന്നു യു.എ.ഇ.യില്‍ പ്രവര്‍ത്തിച്ചിരുന്നത്.

കഴിഞ്ഞ കുറെ മാസങ്ങളായി ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയ്ക്കായി സാധനങ്ങള്‍ വിതരണംചെയ്ത ഒട്ടേറെപേര്‍ പണം കിട്ടാതെ നെട്ടോട്ടമോടുകയാണ്. അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റിലെ രണ്ടായിരത്തോളം ജീവനക്കാരും ആറുമാസത്തോളമായി ശമ്പളം കിട്ടാതെ പ്രയാസത്തിലാണ്. സ്ഥാപനങ്ങളില്‍ അവശേഷിച്ച സാധനങ്ങള്‍ വിറ്റുകിട്ടിയ പണം കുറെപ്പേര്‍ നിത്യച്ചെലവിനായി ഉപയോഗിച്ചു എന്നതൊഴിച്ചാല്‍ എന്താണുചെയ്യേണ്ടതെന്ന് അറിയാതെ ഉഴലുകയാണ് മിക്കവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button