KeralaLatest News

രാഷ്ട്രീയ പക്വത ഉള്ള ഒരു തീരുമാനമാണോ അത് എന്ന് വിനയത്തോടെ ഞാന്‍ ചോദിക്കട്ടെ?; സാറ ജോസഫിന് തുറന്ന കത്തുമായി സുജ സൂസന്‍ ജോർജ്

തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിഷയത്തില്‍ എഴുത്തുകാരി സാറാ ജോസഫിന് എഴുത്തുകാരിയും മലയാളം മിഷന്‍ ഡയറക്ടറുമായ സുജ സൂസന്‍ ജോര്‍ജ് തുറന്ന കത്തെഴുതി. വനിതാ മതിലില്‍ പങ്കെടുക്കില്ല എന്ന് എഴുത്തുകാരി സാറാ ജോസഫ് നിലപാട് എടുത്തതിനെ തുടര്‍ന്നാണ് സുജ സൂസന്‍ ജോര്‍ജിന്‍റെ കത്ത്.

പ്രിയപ്പെട്ട സാറ ടീച്ചര്‍,

2019 ജനുവരി 1 ന്‍റെ വനിതാ മതിലില്‍ പങ്കെടുക്കില്ല എന്ന് ടീച്ചര്‍ പറഞ്ഞതായി കണ്ടു. രാഷ്ട്രീയ പക്വത ഉള്ള ഒരു തീരുമാനമാണോ അത് എന്ന് വിനയത്തോടെ ഞാന്‍ ചോദിക്കട്ടെ? ടീച്ചറിന്‍റെ ചിന്തകളും എഴുത്തുകളും നിലപാടുകളും വലിയ സ്വാധീനം ചെലുത്തിയ തലമുറയിലാണ് ഞാനും നിലപാടുറപ്പിച്ചത്. പെണ്ണെഴുത്തിന്‍റെ ആദി കൂട്ടായ്മകളും കോട്ടയത്ത് നടന്ന എഴുത്തുകാരികളുടെ ശില്പശാലയും ഒക്കെയുമൊക്കെയും സ്നേഹാദരവുകളോടെ ഓര്‍ക്കുന്നു.

വനിതാ മതില്‍ എന്ന പരിപാടി ശബരിമലയിലെ യുവതി പ്രവേശനം നേരിട്ടുയര്‍ത്തുന്നില്ല എന്നതാണ് ഒരു വിമര്‍ശനം. പൊതുവേ ആധുനിക സ്വതന്ത്ര സ്ത്രീ എന്ന സങ്കല്പത്തിന് എതിര് നില്ക്കുന്ന സമുദായ സംഘടനാ നേതാക്കളാണ് ഈ പരിപാടി നിര്‍ദേശിച്ചതും ചുമതല വഹിക്കുന്നതും എന്നതാണ് വേറെ ഒരു വിമര്‍ശനം. ശബരിമലയില്‍ പോകാന്‍ ശ്രമിച്ച രഹ്ന ഫാത്തിമ ജയിലില്‍ കിടക്കുമ്ബോള്‍ എന്ത് വനിതാ മതില്‍ എന്നതായിരുന്നു ഇനിയൊരു ചോദ്യം. ഈ ചോദ്യങ്ങളൊക്കെ പ്രസക്തം തന്നെ. സംവാദം അര്‍ഹിക്കുന്നവ തന്നെ. രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ടീച്ചര്‍ വനിതാമതിലിനോട് അനുകൂലമായി എടുത്ത നിലപാട് ഞങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം നല്കിയിരുന്നു.

പി.കെ ശശി യ്ക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍റേതെന്ന പേരില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് വീണ്ടും ടീച്ചറുടെ നിലപാട് മാറ്റി.നിരാശാജനകമാണ് ആ നിലപാട് മാറ്റം.എല്ലാം പരിഹരിച്ചിട്ടേ ഇന്നത്തെ അനിവാര്യമായ സാമൂഹ്യസാഹചര്യങ്ങളോട് പ്രതികരികരണമായൊരുങ്ങുന്ന പ്രതിരോധത്തിനൊപ്പം അണിചേരൂ എന്ന് തീരുമാനിക്കുന്നത് ശരിയോ ടീച്ചറേ..

നമ്മുടെ നാട് നേരിടുന്ന ഫാഷിസ്റ്റിക് ഭീഷണി കാണാത്ത ആളല്ലല്ലോ ടീച്ചര്‍. സംഘപരിവാരം കാണിക്കുന്ന ഒരു ഭീഷണകൃത്യം അതിന്‍റെ ഇരകളെത്തന്നെ അതിന്‍റെ പോരാളികളായി രംഗത്തിറക്കുന്നു എന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആദിവാസികളെ തെരുവിലിറക്കുക, മുസ്ലിങ്ങള്‍ക്കെതിരെ പിന്നോക്ക ജാതിക്കാരെയും ദളിതരെയും കലാപത്തിനിറക്കുക എന്നിവയൊക്കെയാണ് ഫാഷിസവാദികളുടെ ഇന്ത്യന്‍ രീതി.

ഇവരുടെ ഒരു മുഖ്യ ഇര സ്ത്രീകളാണെന്നതില്‍ തര്‍ക്കമില്ലല്ലോ. സ്ത്രീകളെ അവരുടെ എതല്ലാ മനുഷ്യാവകാശങ്ങളില്‍ നിന്നും, അവരിന്നു വരെ പോരാടി നേടിയ ജനാധിപത്യാവകാശങ്ങളില്‍ നിന്നുമെല്ലാം തുരത്തിയോടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഈ കൂട്ടം അതിന്നായി തെരുവിലിറക്കുന്നുതും സ്ത്രീകളെ തന്നെയാണ്. എന്തു പരിതാപകരമായ അവസ്ഥയാണിത്! ഞങ്ങള്‍ ആര്‍ത്തവമെന്ന അശുദ്ധിയുള്ളവരാണ്, ഞങ്ങളെ അമ്ബലത്തില്‍ കയറ്റരുത് എന്ന് തെരുവിലിറങ്ങി ജപിക്കുന്നത് നമ്മുടെ സഹോദരിമാര്‍ തന്നെയാണ്. ജാതി വിവേചനം തിരിച്ചു കൊണ്ടുവരാനും ഇതേ സ്ത്രീകളെ തെരുവിലിറക്കാന്‍ സംഘപരിവാരത്തിനാവും. നാമജപക്കാരായ വലിയൊരു പങ്ക് സ്ത്രീകള്‍ സംവരണത്തിനെതിരും കീഴ് ജാതി സ്ത്രീകളോട് താഴ്ന്നവരെന്ന മനോഭാവം ഉള്ളവരുമാണ്.

എന്നാല്‍ കേരളത്തിലെ കീഴ് ജാതി സ്ത്രീകള്‍ പുരോഗമനവാദികളായ സ്ത്രീകള്‍ക്കൊപ്പം കേരള നവോത്ഥാനത്തിന്‍റെ മൂല്യങ്ങള്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. അവര്‍ ആര്‍ത്തവസമരത്തിന് തെരുവിലില്ല. എസ് എന്‍ ഡി പി യോഗത്തിന്‍റെയും കേരള പുലയ മഹാ സഭയുടെയും പ്രവര്‍ത്തകരായ സ്ത്രീകളെയും കേരള നവോത്ഥാന മൂല്യങ്ങള്‍ക്കെതിരായി തെരുവിലിറക്കാന്‍ സംഘപരിവാരം ശ്രമിക്കുന്നുണ്ട്. തങ്ങളുടെ പക്ഷത്തേക്ക് എളുപ്പം കൊണ്ടുവരാവുന്നവരാണ് അമ്ബല വിശ്വാസികളായ ഈ സ്ത്രീകള്‍ എന്നാണവര്‍ കരുതുന്നത്. ഈ സ്ത്രീകളെ സംഘപരിവാരപക്ഷത്തേക്ക് വിട്ടുകൊടുക്കുന്നതോടെ കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങളുടെ കഥ കഴിഞ്ഞു. അതനുവദിച്ചു കൂട. ഈ സ്ത്രീകള്‍ മാറി നില്ക്കുന്നത് ഉയര്‍ത്തിപ്പിടിക്കേണ്ടത് അതിനാല്‍ തന്നെ പ്രധാനമാണ്.

നേരിട്ട് ശബരിമലയിലെ യുവതി പ്രവേശനം ഉന്നയിക്കുന്നുവോ എന്നതു മാത്രമല്ല പ്രശ്നം, യുവതികള്‍ ശബരിമലയില്‍ കയറരുത് എന്ന് സംഘപരിവാരം പതിനെട്ടക്ഷൌഹിണിയും നിരത്തി ആക്രോശിക്കുമ്ബോള്‍ അതല്ല വിഷയം, കേരള നവോത്ഥാന മൂല്യങ്ങളാണ് എന്ന് അമ്ബല വിശ്വാസികളായ ഈ സ്ത്രീകള്‍ പറയുന്നത് വിപ്ലവകരമാണ്. രഹ്ന ഫാത്തിമയ്ക്ക് നീതി കിട്ടണം,പികെ ശശി പ്രശ്നത്തില്‍ യുവതിക്ക് നീതി ലഭിക്കണം. ഇതിലൊന്നും സംശയമില്ല.പക്ഷേ, അതു കിട്ടിയിട്ട് മതി എസ് എന്‍ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാര്‍ തെരുവിലിറങ്ങുന്നതിനെ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നു പറയുന്നത് ശരിയായ രാഷ്ട്രീയമാണോ ?. സാറ ടീച്ചര്‍, മരം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

സസ്നേഹം,

സുജ സൂസന്‍ ജോര്‍ജ്

https://www.facebook.com/sujasusan.george.90/posts/341322143388385

shortlink

Related Articles

Post Your Comments

Related Articles


Back to top button