Specials

പുതുവര്‍ഷം ആഘോഷിക്കാം, കേരളത്തില്‍ പോകേണ്ട സ്ഥലങ്ങള്‍ ഇവയൊക്കെ

പുതിയ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയുമാണ് എല്ലാവരും പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. യാത്ര ഇഷ്ടപ്പെടുന്നവരെല്ലാം ഈ പുതുവര്‍ഷം വ്യത്യസ്തമായി ആഘോഷിക്കാനുള്ള ഇടങ്ങള്‍ തേടുകയായിരിക്കും ഇപ്പോള്‍. ഏതായാലും ഇന്ത്യയിലെ പ്രധാന ന്യൂ ഇയര്‍ ഡെസ്റ്റിനേഷന്‍ എടുത്താല്‍ അതില്‍ കേരളവും ഉള്‍പ്പെടും. ഭൂപ്രകൃതിയും മലനിരകളും കായല്‍ത്തീരങ്ങളും ഒക്കെയാണ് കേരളത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ക്രിസ്മസ്, ന്യൂ ഇയര്‍ കാലമാകുമ്പോഴേക്കും കേരളത്തിലെ ഗോവയായി മാറും നമ്മുടെ സ്വന്തം കൊച്ചി. പുലരുവോളം നീളുന്ന ആഘോഷപരിപാടികളും പാര്‍ട്ടിയും ഗെയിമുകളും ഇക്കാലത്ത് കൊച്ചിയുടെ രാപ്പകലുകളെ ആവേശത്തിലാഴ്ത്തും. ഡിസംബര്‍ അവസാന ആഴ്ച തുടങ്ങി ന്യൂ ഇയര്‍ രാവ് വരെ കൊച്ചി കാര്‍ണിവല്‍ നീണ്ടുനില്‍ക്കും. ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് പ്രശസ്തമാണ്.

മൂന്നാര്‍

തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ കേന്ദ്രമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു.

വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.

മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നോക്കാം.

ഇരവികുളം ഉദ്യാനം
മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുണ്ട്. മഞ്ഞു പുതപ്പിച്ച മലനിരകള്‍, തേയില തോട്ടങ്ങള്‍, എന്നിവ വശ്യമനോഹരമാക്കുന്ന ഈ പ്രദേശം ട്രക്കിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് പൂര്‍ണ്ണ സംതൃപ്തി പകരും. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. 12 വര്‍ഷം കൂടുമ്പോഴാണ് പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്. ഇതിന് മുമ്പ് ഇങ്ങനെ മലനിറഞ്ഞ് കുറിഞ്ഞി പൂത്തത് 2006ലാണ്.

ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്.

മാട്ടുപെട്ടി
മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കി. മീ. അകലെയാണ് മാട്ടുപെട്ടി. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താം. ഇന്‍ഡോ-സ്വിസ് ലൈവ് സ്റ്റോക് പ്രൊജക്ട് എന്ന ഡയറി ഫാമാണ് മാട്ടുപെട്ടിയിലെ ശ്രദ്ധേയമായ മറ്റൊരു കേന്ദ്രം. അത്യുല്‍പാദനശേഷിയുള്ള ഒട്ടേറെ കന്നുകാലിയിനങ്ങള്‍ ഇവിടെയുണ്ട്. ചോല വനങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ്.

പള്ളിവാസല്‍
മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന പള്ളിവാസലിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി. പ്രകൃതി ഭംഗിയാലനുഗൃഹീതമായ പള്ളിവാസലിലും ധാരാളം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.

ചിന്നക്കനാല്‍
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.

ആനയിറങ്ങല്‍
ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയില തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.

ടോപ്സ്റ്റേഷന്‍
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 3 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്‍. മൂന്നാര്‍ – കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.

തേയില മ്യൂസിയം
മൂന്നാര്‍ തോട്ടങ്ങളുടെ നാടാണ്. ഈ നാടിന്റെ പാരമ്പര്യമായ തേയിക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലെ നല്ലത്താണി എസ്റ്റേറ്റിലുണ്ട്. ടാറ്റാ ടീ കമ്പനിയാണ് ഈ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില ഉല്‍പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തിലുണ്ട്.

യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : – തേനി (തമിഴ്നാട്), ഏകദേശം 60 കി. മീ.; ചങ്ങനാശ്ശേരി, ഏകദേശം 93 കി. മീ.
സമീപ വിമാനത്താവളം : – മധുര (തമിഴ്നാട്) ഏകദേശം 140 കി. മീ.; കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 190 കി. മീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button