തിരുവനന്തപുരം : പ്രളയത്തിന്റെ അളവെടുപ്പ് പൂർത്തിയാക്കി കണക്കുകൾ കേന്ദ്രസർക്കാരിനു കൈമാറി. തറനിരപ്പിൽ നിന്ന് 5.5 മീറ്റർ വരെ (ഏകദേശം മൂന്നാൾപ്പൊക്കം) വെള്ളം പൊങ്ങിയെന്നാണു കണക്കെടുപ്പിൽ വ്യക്തമായത്. രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായ 13,900 സ്ഥലങ്ങളിലെ ജലനിരപ്പിന്റെ ഉയരം, അക്ഷാംശവും രേഖാംശവും ഉൾപ്പെടെയുള്ള വിവരങ്ങൾ എന്നിവയാണ് കേന്ദ്ര ജല കമ്മിഷനു കൈമാറിയത്.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് സെന്റർ, എംജി സർവകലാശാല, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ജില്ലകളിലെ പ്രളയനിരപ്പിന്റെ കണക്കെടുത്തത്. പരിശീലനം നേടിയ സംഘങ്ങൾ പ്രളയമുണ്ടായ മേഖലകളിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. ദുരന്തനിവാരണ അതോറിറ്റി 80 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരുന്നത്.
വെള്ളപ്പൊക്കമുണ്ടായ മേഖലകളിൽ നിർമാണപ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുൾപ്പെടെ ഈ കണക്ക് അടിസ്ഥാനരേഖയാകും.
Post Your Comments