ബംഗലൂരു: കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നിരവിധി പേര് മരിയ്ക്കാനിടയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. പ്രസാദത്തില്‍ കൂടിയ അളവില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
തക്കാളിയും അരിയും ഉപയോഗിച്ചുണ്ടാക്കിയ പ്രസാദം കഴിച്ചാണ് നിരവധി വിശ്വാസികള്‍ മരിച്ചത്. നിരവധി കാക്കളും ചത്തൊടുങ്ങിയിട്ടുണ്ട്. ചത്ത കാക്കകളില്‍ ചിലതിനെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കീടനാശിനി തളിച്ച തക്കാളി ഉപയോഗിച്ച് പ്രസാദമുണ്ടാക്കിയതാണോ അതോ കീടനാശിനി മനപൂര്‍വ്വം ഉപയോഗിച്ചതാണോ എന്ന് വ്യക്തമല്ല.
പ്രസാദം കഴിച്ച തൊണ്ണൂറോളം പേരാണ് ചികില്‍സ തേടി എത്തിയിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വരുന്നുണ്ട്. മതിയായ വെന്റിലേറ്ററുകള്‍ ആശുപത്രികളില്‍ ഇല്ലാത്തത് ചികില്‍സയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.
മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഞ്ച് പേര് ഒളിവിലാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പ്രസാദത്തില്‍ വിഷാംശത്തിന് കാരണമായതെന്ന് മന്ത്രി പുത്തരംഗ ഷെട്ടി വ്യക്തമാക്കി.
കുറ്റക്കാര്‍ ആരായിരുന്നാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നുണ്ട്.
47 പേരെ ബംഗലൂരുവിലെ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 17 പേരെ മൈസൂരിലെ ജെ എസ് എസ് ആശുപത്രിയിലും. ബാക്കിയുള്ളവരെ മൈസൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിഷബാധയേറ്റവരെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Post Your Comments