KeralaLatest NewsIndia

‘നോട്ടീസ് സ്റ്റേഷനിൽ എത്തിച്ചത് സിപിഎമ്മുകാർ, നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി നിയമ നടപടിക്ക്

ഷാജിക്കെതിരായ നോട്ടീസ് സ്റ്റേഷനിൽ എത്തിച്ച അബ്ദുൾ നാസർ എതിർ സ്ഥാനാർഥിയായ എംവി നികേഷ് കുമാറിന് വേണ്ടി പ്രചാരണത്തിലായിരുന്നു

തിരുവനന്തപുരം: എംഎൽഎ സ്ഥാനത്തു നിന്ന് തനിക്ക് അയോഗ്യത കൽപ്പിക്കാൻ ഇടയാക്കിയ വർഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.എം. ഷാജി നിയമനടപടിക്ക്. നോട്ടീസ് പൊലീസിന് എത്തിച്ചുനൽകിയതായി പറയുന്ന സിപിഎം പ്രവർത്തകനെ ചോദ്യംചെയ്ത് തെളിവെടുക്കണം. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടൻ തന്നെ പരാതി നൽകുമെന്നു ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്‌ലാം മതവിശ്വാസി അല്ലാത്തവർക്ക് വോട്ട്കൊടുക്കരുതെന്ന് പരാമർശിച്ച് കെഎം ഷാജിക്ക് വേണ്ടി തയ്യാറാക്കിയ നോട്ടിസ് യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തുവെന്ന ഹർജിയിലാണ് അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.എന്നാൽ നോട്ടീസ് കണ്ടെത്തിയത് യുഡിഎഫ് കേന്ദ്രത്തിൽ നിന്നല്ല, പകരം സിപിഎം പ്രവർത്തകൻ അബ്ദുൽ നാസർ പോലീസ് പോലീസ് സ്റ്റേഷനിൽ എത്തിച്ചുനൽകിയതാണെന്ന് വ്യക്തമാക്കുന്ന പോലീസ് മഹസർ കഴിഞ്ഞ ദിവസം പുറത്തുവന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തിൽ ഗൂഢാലോചന നടന്നതായി ഷാജി ആരോപിക്കുന്നത്. ഇക്കാര്യത്തിൽ വ്യാജമൊഴി നൽകി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെപ്പെട്ട് കെഎം ഷാജി ഹർജി നൽകിയിരിക്കുകയാണ്. ഇതിനൊപ്പമാണ് നോട്ടിസ് കൈമാറിയ സിപിഎം പ്രവർത്തകൻ അബ്ദുൾ നാസറിന്റെ നടപടിയിൽ അന്വേഷണത്തിന് പോലീസിനെ സമീപിക്കുന്നത്. പോലീസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്താതിരുന്ന നോട്ടീസ് യുഡിഎഫ് നേതാവിന്റെ വീട്ടിൽ നിന്ന് പിറ്റേന്ന് തനിക്ക് കിട്ടിയെന്നാണ് അബ്ദുൽ നാസർ പറയുന്നത്.

അത് സ്റ്റേഷനിൽ എത്തിച്ചുവെന്നും. ഈ മൊഴിയിൽ ദുരൂഹതയുണ്ട്. അതുകൊണ്ട് തന്നെ നാസർ അടക്കം സിപിഎമ്മുകാരുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കെഎം ഷാജിയുടെ ആവശ്യം.മണ്ഡലത്തിന്റെ മറ്റ് ചില ഭാഗങ്ങളിൽ സമാന നോട്ടീസുകൾ കണ്ടതായി പറയുന്നവരും സിപിഎമ്മുകാരാണ്. അവരെയും ചോദ്യം ചെയ്യണം. നോട്ടീസ് അച്ചടിച്ച പ്രസും അതിന് നിർദേശം നൽകിയവരെയും കണ്ടെത്താൻ ഇത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ ഡിജിപിയെ കാണും.

ഷാജിക്കെതിരായ നോട്ടീസ് സ്റ്റേഷനിൽ എത്തിച്ച അബ്ദുൾ നാസർ താൻ സിപിഎം പ്രവർത്തകൻ ആണെന്നും എതിർ സ്ഥാനാർഥിയായ എംവി നികേഷ് കുമാറിന് വേണ്ടി പ്രചാരണത്തിലായിരുന്നു എന്നും പറഞ്ഞ് പോലീസിന് നൽകിയ മൊഴിയും പുറത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button