ആലുവ: ബാങ്ക് ലോക്കറിൽ നിന്ന് രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അസിസ്റ്റന്റ് മാനേജരും ഭർത്താവും കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങി. ദേശസാത്കൃത ബാങ്കിന്റെ ആലുവ ശാഖയിലെ ലോക്കറില്‍ നിന്നുമാണ് ഇവർ സ്വർണം കവർന്നത്.
ഇരുവരെയും കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി പാദുവപുരം കരുമത്തില്‍ സിസ്‌മോള്‍ ജോസഫ് (34), ഭര്‍ത്താവ് കളമശേരി സജി നിവാസില്‍ സജിത്ത് കുഞ്ഞന്‍ (35) എന്നിവരാണ് 9 കിലോയോളം തൂക്കം വരുന്ന 128 പാക്കറ്റ് സ്വര്‍ണം കവര്‍ന്നത്.
സ്വര്‍ണം ആലുവ, അങ്കമാലി, പെരുമ്ബാവൂര്‍, കളമശേരി മേഖലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചിരിക്കുകയാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും പൊലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ച രാവിലെ 8ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയ ദമ്ബതികളെ കോഴിക്കോട് പൊലീസിന്റെ സഹായത്തോടെ പിടികൂടാന്‍ ശ്രമിക്കവെ, സമീപമുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ആലുവ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
ബാങ്കില്‍ സ്വര്‍ണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ സിസ്‌മോള്‍ ഒരു വര്‍ഷം കൊണ്ട് ലോക്കറിലെ സ്വര്‍ണം കൈക്കലാക്കി പകരം മുക്കുപണ്ടവും കുപ്പിവളകളും വച്ചു. ഓഹരി വിപണി ഇടപാടുകാരനായ ഭര്‍ത്താവിന്റെ പ്രേരണയോടെയാണിത്.
കഴിഞ്ഞ 16നാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടര്‍ന്ന് ദമ്ബതികള്‍ ഗോവ, പനാജി, ഉഡുപ്പി, ബംഗളൂരു, മംഗലാപുരം, ഗോകര്‍ണം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് കീഴടങ്ങിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പബ്ളിക്ക് ബൂത്തില്‍നിന്ന് സിസ്‌മോള്‍, അയര്‍ലന്റില്‍ താമസിക്കുന്ന ആന്റിയെ വിളിച്ചിരുന്നു. ഇവരുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ കുടുക്കിയത്.
Post Your Comments