ഐസ്വാള്‍: മിസോറാം നിയമസഭയിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ബുദ്ധ ദാം ചക്മയുടെ വിജയത്തിനും കേരളത്തിലെ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്‍റെ വിജയത്തിനും സമാനതകളുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബി.ജെ.പിക്ക് കേരളാ നിയമസഭയിലും അതുപോലെ തന്നെ ഇപ്പോൾ മിസോറാം നിയമ സഭയിലും അക്കൗണ്ട് തുറക്കാന്‍ സാധിച്ചത്.
പാര്‍ട്ടിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവായ രാജഗോപാല്‍ വര്‍ഷങ്ങള്‍ നീണ്ട പരാജയത്തിലും തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിലാണ് വിജയം വരിച്ചത്. അതെ പോലെ തന്നെ 1972 മുതല്‍ 2013 വരെയുള്ള മിസോറമിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്‍റെ സിറ്റിങ് എം.എല്‍.എയുമായ ബുദ്ധ ദാം ചക്മ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ ചക്മ സമുദായക്കാരായ വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഗസ്റ്റ് 21നാണ് ലാല്‍ തന്‍ഹവാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 16ന് ബി.ജെ.പിയില്‍ ചേര്‍ന്ന ബുദ്ധ ദാം ചക്മക്ക് പാര്‍ട്ടി തുയ്ച്വാങ് സീറ്റ് നല്‍ക്കുകയായിരുന്നു . അതെ സമയം പത്തുവര്‍ഷത്തോളമായി ഭരണപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണു മിസോറമിലെ ഫലം.
മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല പരാജയപ്പെട്ടത് കോണ്‍ഗ്രസിന് ഇരട്ടി പ്രഹരമായി. കാല്‍ നൂറ്റാണ്ടിലേറെയായി നിയമസഭാഗമായ തന്‍ഹാവ്‌ല തന്നെയായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ അഞ്ചു വട്ടവും മുഖ്യമന്ത്രിയും. ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതെയാവുകയാണ്.
Post Your Comments