KeralaLatest News

വനിതാ മതിൽ; കോടികള്‍ പൊടിപൊടിച്ച്‌ സാമുദായിക വേര്‍വിതിരിവുണ്ടാക്കാനാണ് ശ്രമം: മുല്ലപ്പള്ളി

തിരുവനന്തപുരം: പെണ്‍മതിലിന്റെ പേരില്‍ കോടികള്‍ പൊടിപൊടിച്ച്‌ സാമുദായിക വേര്‍വിതിരിവുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടര്‍മാരെയും വിഭാഗീയത വളര്‍ത്താനുള്ള ഉദ്യമത്തിന് ചുമതലപ്പെടുത്തിയത് അക്ഷന്തവ്യമായ തെറ്റാണ്. പെണ്‍മതില്‍ പൊളിയുമെന്ന ആശങ്കയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗനവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. വനിതാശാക്തീകരണത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച്‌ പരസ്യം നല്‍കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആദ്യം ചെയ്യേണ്ടത് സ്വന്തം നാടായ കണ്ണൂരിലെ സ്ത്രീകള്‍ക്കെങ്കിലും സുരക്ഷ ഒരുക്കുകയാണ്. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയത് ഏത് പാര്‍ട്ടിയില്‍പ്പെട്ട യുവാക്കളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്റെ പേരിലും കോടികളാണ് പൊടിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നികുതിപ്പണം ധൂര്‍ത്തടിക്കുന്നത്. ഉദ്ഘാടനത്തിന് മുമ്ബേ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാനനുവദിച്ചിട്ട് പിന്നെന്തിനാണ് ഉദ്ഘാടന പ്രഹസനം നടത്തിയത്? ആരോഗ്യമന്ത്രി ശൈലജയ്ക്ക് പ്രത്യേകവിമാനത്തില്‍ പറന്നിറങ്ങിയത് എന്തിനായിരുന്നു. ഇതന്വേഷിച്ച്‌ വിമാനച്ചെലവിനായി വിനിയോഗിച്ച പണം തിരിച്ചുപിടിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button