ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെയും രാജ്യത്തെ നിയമങ്ങളെയും സംബന്ധിച്ച് സാധാരണക്കാരിൽ അവബോധം ഉണ്ടായാലേ മനുഷ്യാവകാശ ദിനാചരണത്തിന് പ്രസക്തിയുള്ളുവെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരത്ത് വി. ജെ. ടി. ഹാളിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ സംരക്ഷണം മനുഷ്യാവകാശത്തിന്റെയും കടമയുടേയും ഭാഗമാക്കി നാം ഏറ്റെടുക്കണമെന്നും ദാരിദ്ര്യം, നിരക്ഷരത, എന്നിവ സമൂഹത്തിൽ നിന്ന് ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നലിംഗക്കാരുടെ അവകാശങ്ങളും സംരകഷിക്കപ്പെടണം. ഭക്ഷണം, കുടിവെള്ളം, വീട് എന്നിങ്ങനെയുള്ള പ്രാഥമിക ആവശ്യങ്ങൾ ഏവർക്കും ലഭ്യമാക്കേണ്ടതും മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമാണ്. മനുഷ്യാവകാശങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽകരിക്കുന്നതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഏറെ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മനുഷ്യാവകാശ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. നിയമ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും പുരസ്കാരവും ഗവർണർ സമ്മാനിച്ചു.
മനുഷ്യാവകാശ കമ്മീഷനിൽ ഈ വർഷം 14000 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും അതിൽ ഭൂരിഭാഗം കേസുകളിലും നടപടിയെടുക്കാനും സാധിച്ചതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ലഭിച്ച പരാതികളിൽ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരിൽ നിന്നാണ്. സാധാരണക്കാർക്കിടയിലേക്ക് കമ്മീഷന് എത്താനായെന്നും അദ്ദേഹം പറഞ്ഞു.ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരം പ്രവണതകൾക്കെതിരെ കമ്മീഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷൻ അംഗങ്ങളായ പി. മോഹനദാസ്, കെ. മോഹൻകുമാർ, എം.എച്ച്. മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു. മനുഷ്യാവകാശ സംരക്ഷണം സംബന്ധിച്ച സെമിനാറും നടന്നു.
Post Your Comments