രാജ്യത്തിൻറെ സുരക്ഷയുടെയും അഖണ്ഡതയുടെയും കാര്യത്തിൽ കോൺഗ്രസും യുപിഎ-യും സ്വീകരിച്ച അക്ഷന്തവ്യമായ വീഴ്ചകളുടെ കഥകൾ അനവധി കേട്ടിട്ടുണ്ട്. ഏതെല്ലാം വേളയിൽ രാജ്യം ഇത്തരത്തിലുള്ള ഭീഷണികൾ നേരിട്ടിട്ടുണ്ടോ അന്നൊക്കെ വിട്ടുവീഴ്ചകൾക്ക് കോൺഗ്രസുകാർ തയ്യാറായി എന്നതാണ് ചരിത്രം. സ്വാതന്ത്ര്യം കിട്ടിയ നാളുകൾ മുതൽ 2014 വരെ അത് നടന്നിട്ടുമുണ്ട്. അത് എന്തുകൊണ്ടാണ് എന്നതറിയില്ല. ഒരു പക്ഷെ നട്ടെല്ല് വളഞ്ഞതുകൊണ്ടാവണം; എന്തിനും ഒരു ധൈര്യം വേണമല്ലോ. തീവ്രമായ ദേശസ്നേഹം തൊട്ടുതീണ്ടാത്തത് മറ്റൊരു കാരണമാണ്. ഇന്നിപ്പോൾ പുറത്തുവന്നിട്ടുള്ള ഒരു വെളിപ്പെടുത്തൽ അക്ഷരാർഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്; അതോടൊപ്പം ദേശസ്നേഹികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നതും. 2008- ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ‘ശക്തമായി പ്രതികരിക്കണം’ എന്ന മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവിമാരുടെ നിലപാട് നിഷ്കരുണം തള്ളപ്പെട്ടു എന്നാണ് അന്നത്തെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ( റിട്ടയേർഡ്) ഫാലി ഹോമി മേജർ പറഞ്ഞത്. അത്ര വലിയ ഭീകരാക്രമണം നടന്നിട്ടും നാവനക്കാതെ ഇരിയ്ക്കാൻ മൻമോഹൻ സിങ് സർക്കാർ തയ്യാറായത് എന്തുകൊണ്ടാണ്?. 26/ 11- ന്റെ പത്താം വാർഷികം പിന്നിടുമ്പോഴാണ് ഇത് ചർച്ചചെയ്യപ്പെടുന്നത്.
പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഒരിക്കലും മൻമോഹൻ സിങ് സർക്കാരിന് കഴിഞ്ഞിരുന്നില്ല എന്നതൊരു വസ്തുതയാണ്. നമ്മുടെ സൈന്യം ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധ കപ്പലുകൾ, എന്തിനേറെ ചിലവയുടെ സ്പെയർ പാർട്ടുകൾ പോലും, ചോദിച്ചപ്പോൾ യുപിഎ എന്താണ് ചെയ്തതെന്ന് നമുക്കൊക്കെയറിയാം. ചിലവേലകളിൽ അവയിൽ ചിലതൊക്കെ വാങ്ങുന്ന കാര്യം ആലോചിച്ചത് തന്നെ അതിന്റെ പിന്നിലെ മറ്റുചില താല്പര്യങ്ങൾ കൊണ്ടാണ്…… അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിയാണ് അതൊക്കെ വിശദീകരിക്കാൻ ഏറ്റവും യോഗ്യൻ. വേണ്ടസമയത്ത് പോലും വായ് തുറക്കാതിരുന്ന ഒരു പ്രധാനമന്ത്രിയും ഒരു തീരുമാനവുമെടുക്കാത്ത പ്രതിരോധമന്ത്രിയും ചേർന്ന് രാജ്യത്തെ സുരക്ഷാ സേനയുടെ മനസ്സിനെ തളർത്തി. എന്നിട്ടിപ്പോൾ അതീവ പ്രതിരോധ ആവശ്യങ്ങൾ കണക്കിലെടുത്ത് ആയുധങ്ങൾ, വിമാനങ്ങൾ ഒക്കെ വാങ്ങാൻ നരേന്ദ്ര മോഡി സർക്കാർ ഇറങ്ങിപ്പുറപ്പെടുമ്പോൾ കള്ളപ്രചാരണവുമായി രംഗത്ത് വരുന്നു……. അന്ന് പറഞ്ഞുറപ്പിച്ചത് എന്തൊക്കെയോ നഷ്ടമാവുന്നതിലെ നിരാശകൊണ്ടും മറ്റു ചില ‘അന്താരാഷ്ട്ര താല്പര്യങ്ങൾ’ കൊണ്ടുമാണ് ഇതൊക്കെയെന്ന് കരുതുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണല്ലോ.
ഇവിടെ ഇപ്പോൾ വിഷയം നേരത്തെ സൂചിപ്പിച്ച മുൻ എയർ ചീഫ് മാർഷലിന്റെ വെളിപ്പെടുത്തലാണ്. മുംബൈ ഭീകരാക്രമണം കഴിഞ്ഞയുടനെ മൂന്ന് സൈനിക മേധാവിമാരോടും പ്രധാനമന്ത്രിയെ കാണാൻ നിർദ്ദേശിച്ചുവത്രെ. എന്താണ് സർക്കാരിന്റെ മനസ്സിൽ എന്നത് അറിയുമായിരുന്നില്ലെങ്കിലും ആ മൂന്ന് മേധാവിമാർ ആദ്യം ഒന്നിച്ചുകൂടി; എന്തൊക്കെയാവാം സർക്കാർ ആരായുക, എന്താണ് ചെയ്യാനാവുക എന്നതൊക്കെ വിലയിരുത്തി. പാക്കിസ്ഥാന് കനത്ത തിരിച്ചടി കൊടുത്തേ തീരൂ എന്നതായിരുന്നു അവരുടെ നിലപാട്. അത് ആലോചിക്കാനാവണം ഇങ്ങനെ ഒരു അടിയന്തര യോഗം വിളിച്ചത് എന്നും, സ്വാഭാവികമായും, അവർ കരുതി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ മൻമോഹൻ സിങ്, പ്രതിരോധ മന്ത്രി എകെ ആന്റണി, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്കെടുത്തു. പാക് അധീന കാശ്മീരിലെ പാക് ഭീകര പരിശീലന ക്യാമ്പുകൾ തകർക്കണം; വേണ്ടിവന്നാൽ കുറേകൂടി രൂക്ഷമായി പ്രതികരിക്കണം …….. അതിന് സൈന്യം സജ്ജമാണ്, അവർ ധരിപ്പിച്ചു. കടുത്ത ഭാഷയിൽ പാക്കിസ്താന് മറുപടി കൊടുക്കണം എന്നും അത് സൈനികവിഭാഗങ്ങളുടെ ആത്മവീര്യം നിലനിർത്താൻ അനിവാര്യമാണ് എന്നും സൈനിക മേധാവിമാർ കരുതി. പക്ഷെ, സർക്കാർ സമ്മതിച്ചില്ല. ‘ഒന്നും വേണ്ട’ എന്നതായിരുന്നു ‘മുകളിലെ നിലപാട്’. കടുത്ത നിരാശയാണ് സൈനിക മേധാവിമാർക്ക് ഉണ്ടായത് എന്നത് പറയേണ്ടതില്ലല്ലോ. പിന്നെയെന്തിനാണ് അന്ന് പ്രധാനമന്ത്രി ഇങ്ങനെ ഒരു യോഗം വിളിച്ചത് എന്നതും ദുരൂഹമാണ്. ഇന്നിപ്പോൾ ആ മനോവേദനയൊക്കെ മുൻ വ്യോമസേനാ മേധാവി തുറന്നുപറയുന്നുണ്ട്.
എന്തുകൊണ്ടാണ് അങ്ങിനെയൊരു യോഗം പ്രധാനമന്ത്രി വിളിച്ചത്?. ഒരു കാര്യവുമില്ലെങ്കിൽ അപ്പോൾ അങ്ങിനെയൊരു നീക്കം വേണ്ടിയിരുന്നില്ലല്ലോ. എങ്കിൽ എന്താണ് പെട്ടെന്ന് സർക്കാരിന്റെ നിലപാട് നിലപാട്, മനസ്സ് മാറിയത്?. ഇതൊക്കെ ദുരൂഹത ഉണർത്തുന്നതാണ്. ഇവിടെ ഒരു കാര്യം കൂടി കാണാതെ പോകാനാവില്ല; കുറേക്കഴിഞ്ഞപ്പോൾ അജ്‌മൽ കസബിന് മാപ്പ് കൊടുക്കണം എന്ന ആവശ്യവുമായി പരസ്യമായി രംഗത്ത് വന്നവരിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള ‘നാഷണൽ അഡ്വൈസറി കൗൺസിലി’ലെ ( എൻ എ സി) ഒരംഗവും ഒരു മുൻ അംഗവുംഉണ്ടായിരുന്നു എന്നതാണ്. അവരിലൊരാൾ അന്നത്തെ രാഷ്ട്രപതിക്ക് നിവേദനവും കൊടുത്തു. പാക്കിസ്ഥാൻ സൈന്യത്തിന് മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ട് എന്ന് അതിനൊക്കെ മുൻപ് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ സമ്മതിച്ചതും കാണാതെ പോയിക്കൂടാ. ഇപ്പോൾ ചിന്തിക്കുമ്പോൾ അന്ന് സൈനിക മേധാവിമാരുടെ യോഗത്തിൽ സർക്കാർ മൗനം ദീക്ഷിച്ചത് ‘മാഡം’ നടത്തിയ ഇടപെടൽ കൊണ്ടാവണം എന്നേ കരുതാനാവൂ. അതായത് ‘മാഡം’ ഇടപെട്ടപ്പോൾ സർക്കാർ പിന്തിരിഞ്ഞ് നിന്നു. അങ്ങിനെ കരുതുന്നവരാണ് ഒട്ടെല്ലാവരും. അന്ന് ആ സർക്കാരിന്റെ തീരുമാനത്തെ വെല്ലാൻ മറ്റൊരാൾ ഉണ്ടായിരുന്നുവോ, സംശയമാണ്; ആഗോള താല്പര്യങ്ങൾ ഉള്ളവർക്ക് രാജ്യതാല്പര്യമെന്ത് ?.
ഒന്നുകൂടി ഇതിനൊപ്പം പറയാതെ വയ്യ; മുംബൈയിൽ 164 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണം നടക്കുമ്പോൾ സോണിയയുടെ മകൻ ഡൽഹിയിൽനിന്ന് ഏറെ അകലെയല്ലാത്ത ഒരു ഫാം ഹൌസിൽ ‘നിശാ പാർട്ടി’യിലായിരുന്നു; ആഘോഷത്തിൽ ആറാടുകയായിരുന്നു എന്നതാണത് . മേജർ സന്ദീപ് ഉണ്ണികൃഷ്ണനും മറ്റും ഭീകരരോട് മുംബൈയിൽ ഏറ്റുമുട്ടി വീരമൃത്യു വരിക്കുമ്പഴാണിത്. രാജീവ് ഗാന്ധിയുടെ ഉറ്റസുഹൃത്തായിരുന്ന സതീഷ് ശർമയുടെ പുത്രനൊപ്പമായിരുന്നു നിശാ സംഗമം. ‘നമ്മുടെ ഭാവി പ്രധാനമന്ത്രി’യുടെ യോഗ്യതാ പട്ടികയിൽ ചേർക്കേണ്ടതാണിത്, സംശയമില്ല.
ഇത് മാത്രമല്ല യുപിഎ സർക്കാർ ചെയ്തത്. 2013- ൽ പാക്സേന അതിർത്തി നിയന്ത്രണ രേഖ (എൽഒസി) കടന്നുവന്ന് രണ്ട് ഇന്ത്യൻ സൈനികരെ വധിച്ചപ്പോഴുണ്ടായ നിസംഗതയും രാജ്യം കണ്ടതാണ്. അവരിൽ ഒരാളുടെ തല അറുത്തുകൊണ്ടുപോയി. രജപുത്താന റൈഫിൾസിലെ സൈനികരായിരുന്നു അവർ. ഇത്ര ഭീകരമായി, നീചമായി ഒരു സൈന്യവും ആധുനിക കാലത്ത് പെരുമാറിയിട്ടുണ്ടാവില്ല. ലോകത്തിലെ തന്നെ വലിയ സൈനിക ശക്തികളിൽ ഒന്നായ ഇന്ത്യയോടാണ് ഇതുണ്ടായത് എന്നതും ശ്രദ്ധിക്കേണ്ടതാണല്ലോ. പാക്കിസ്ഥാനിലെ ബലോച് റെജിമെന്റിലെ പട്ടാളക്കാരാണ് അന്ന് അതിർത്തി കടന്നതും ക്രൂരകൃത്യം ചെയ്തതും. അന്നും ശക്തമായി തിരിച്ചടിക്കണം എന്ന് ആവശ്യമുയർന്നതാണ്, ഇന്ത്യൻ സൈനിക മേധാവിമാരിൽ നിന്ന്. എന്നാൽ അന്നും നമ്മുടെ സർക്കാർ അനങ്ങിയില്ല. സൈനികന്റെ തല അറത്താലും പ്രശ്‌നമില്ലെന്ന് അവർ വിചാരിച്ചിരിക്കണം.
എന്നാൽ നരേന്ദ്ര മോഡി സർക്കാർ ചെയ്തത് എന്താണ്?. ഭീകരതയോട് യുദ്ധം പ്രഖ്യാപിക്കുമ്പോൾ തന്നെ ആ ശക്തികൾക്കെതിരെയും അവരെ സഹായിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. ആഗോള വേദികളിൽ ഭീകരതയെ താലോലിക്കുന്നവരെ ഒറ്റപ്പെടുത്താൻ പരമാവധി ശ്രമിച്ചു. പാക്കിസ്ഥാൻ ഇന്ന് ചെന്ന് പെട്ടിട്ടുളള സാമ്പത്തികവും നയതന്ത്രതലത്തിലുള്ളതുമായ പ്രതിസന്ധി ഒന്ന് വിലയിരുത്തി നോക്കൂ. ഇന്നിപ്പോൾ അമേരിക്ക, എന്തിനേറെ ഇസ്ലാമിക ലോകം പോലും, അവർക്ക് പണം കൊടുക്കാത്ത അവസ്ഥയായി. അതിർത്തിയിലെ തങ്ങൾക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങൾക്ക് തക്കതായ മറുപടി കൊടുക്കാൻ സൈന്യത്തിന് അധികാരവും നൽകി. ‘സർജിക്കൽ സ്ട്രൈക്ക്’ ഒക്കെ മറക്കാനാവുമോ? മറ്റൊന്ന്, ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് ഗ്രൂപ്പ് (സിജിടിഎൻ) പാക് അധീന കാശ്‌മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന് സമ്മതിച്ചിരിക്കുന്നു എന്നതാണ്. ഇതുവരെ ബീജിംഗ് അത് അംഗീകരിച്ചിരുന്നില്ല; പിഒകെയെ പാക്കിസ്ഥാന്റെ ഭാഗമായാണ് അവർ കണ്ടിരുന്നത്. മോഡി സർക്കാരിന്റെ നയതന്ത്ര നേട്ടമാണിത് എന്നതാർക്കാണ് അറിയാത്തത്.
ഇതൊക്കെ നടക്കുമ്പോഴും ഇന്ത്യയിലെ ചിലർ ആ വിദേശ ശക്തികളുടെ, ശത്രുരാജ്യത്തിന്റെ സ്വന്തക്കാരായി വർത്തിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്. ‘സർജിക്കൽ സ്‌ട്രൈക്കി’നെ ആക്ഷേപിച്ചത്, പാക് നേതാക്കളുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്, ചൈനീസ് എംബസിയിൽ രാത്രിയുടെ മറവിൽ ഒളിച്ചുപോയത് ……. ഇതൊക്കെയും കോൺഗ്രസുകാരിൽ നിന്നും ഉണ്ടായ നടപടികളാണല്ലോ. പാക്കിസ്ഥാനിൽ ചെന്ന് നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ സഹായം ചോദിച്ചതും ഹുറിയത്തുകാരിൽ പ്രതീക്ഷയർപ്പിച്ചതും കോൺഗ്രസ് നേതാവ് തന്നെ. ഇവരെ എങ്ങിനെ രാജ്യം വിശ്വസിക്കും എന്ന് ചോദിക്കുന്നത് മര്യാദയല്ല എന്നറിയാം; എന്തൊക്കെ പറഞ്ഞാലും ഇവരൊക്കെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാണ്; പാർലമെന്റിൽ അവരിൽ പലരുമുണ്ട് ……… എങ്കിലും ഓരോ ചെയ്തികളും സംശയമാണ് പ്രദാനം ചെയ്യുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ ആക്ഷേപിക്കാൻ കഴിയുമോ?. അതിലേറെ അവർ രാജ്യസുരക്ഷയുടെ കാര്യത്തിൽ കാണിച്ച അലംഭാവം, വീഴ്ചകൾ ചർച്ച ചെയ്യപ്പെടാതെ പോവുകയുമരുതല്ലോ.
സർജിക്കൽ സ്ട്രൈക്കിനെ അധിക്ഷേപിക്കുക മാത്രമല്ല കോൺഗ്രസ് ചെയ്തത്; അത് രാജ്യത്തെ ജനങ്ങൾക്കിടയിൽ ആവേശവും ദേശീയ പ്രതിബദ്ധതയും ഉണ്ടാക്കണം എന്നാഗ്രഹിച്ച ഒരു ഭരണകൂടത്തിനെതിരെ വിമർശനം ഉയർത്താനും രംഗത്ത് വന്നു. ഏറ്റവുമൊടുവിൽ സർജിക്കൽ സ്‌ട്രൈക്കിനൊപ്പം നിന്ന ഒരു സൈനികാന്റ് നിലപാടുകളെ വക്രീകരിക്കാൻ രാഹുൽ ഗാന്ധിയെപ്പോലുള്ളവർ മുതൽ പ്രിയങ്ക വരെ ശ്രമിച്ചത് നാം കണ്ടുവല്ലോ.
രാഹുൽ -സോണിയ പരിവാറിനെ രാജ്യം എങ്ങിനെ കാണുന്നു എന്നത് ചോദ്യമാണ്. ഒരു ഉദാഹരണം ഇതാ; 26/ 11, മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാർഷികത്തിൽ ഒട്ടെല്ലാവരും ആ ദുരന്തത്തെ അനുസ്മരിച്ചു; അത് അത്തരമൊന്ന് ആവർത്തിക്കാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞ കൂടിയാണല്ലോ. എന്നാൽ ഒന്നും മിണ്ടാതിരുന്നയാൾ രാഹുൽ ഗാന്ധിയാണ്. ഒരു ട്വീറ്റ് പോലും രാഹുലിൽ നിന്നുണ്ടായില്ല. അത് പരാമര്ശിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് ശ്രദ്ധയിൽ പെട്ടു. മനോഹരമായി തോന്നി, അത്. ഇംഗ്ലീഷിലാണ്; ഏതാണ്ടിങ്ങനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാം. ” 26/ 11 ന്റെ വാർഷികത്തിൽ ഡൊണാൾഡ് ട്രംപ് പോലും ട്വീറ്റ് ചെയ്തു; എന്നാൽ എന്തുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തില്ല; 26/ 11-ൽ ആറ് അമേരിക്കക്കാർ ജീവത്യാഗം ചെയ്തിരുന്നു; അതുകൊണ്ട് ട്രംപിന് ട്വീറ്റ് ചെയ്തേ പറ്റുള്ളൂ; ഒരൊറ്റ ഇറ്റാലിയൻ പോലും കൊല്ലപ്പെടാത്ത സാഹചര്യത്തിൽ രാഹുൽ എന്തിന് ട്വീറ്റ് ചെയ്യണം?”. ലോകം സോണിയ പരിവാറിനെ,രാഹുൽ ഗാന്ധിയെ എങ്ങിനെ കാണുന്നു എന്ന് കാണിച്ചുതരുന്നതല്ലേ ഇത്.?.
Post Your Comments