തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സ്ത്രീകളും നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാ മതിലില്‍ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്. നവോത്ഥാന മൂല്യ സംരക്ഷണത്തിനുള്ള മതിലില്‍ പങ്കാളികളായി കേരളത്തിലെ വനിതകള്‍ നവോത്ഥാന മൂല്യങ്ങളുടെ കാവലാളുകളായി മാറുമെന്നു അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ ശബരിമല വിധിയോടെ ഒളിയാക്രമണം പരസ്യമായിരിക്കുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണതകളെ ആചാരങ്ങളുടെ പേരു പറഞ്ഞു തിരികെ കൊണ്ടുവരാനാണു ചിലരുടെ ശ്രമം. ദേശീയതലത്തില്‍ ഭരണഘടനയോടെന്നപോലെ കേരളത്തില്‍ നവോത്ഥാന മൂല്യങ്ങളെ വെല്ലുവിളിക്കുന്നു. കേരളത്തിന്റെ പാരന്പര്യം അറിയാതെയാണ് ഈ പാഴ്ശ്രമത്തിനു മുതിരുന്നത്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ സ്ത്രീകളും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും എന്നാല്‍ പലരുടേയും പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകളെ ജീവശാസ്ത്രപരമായ പ്രത്യേകത കൊണ്ടുരണ്ടാം തരക്കാരായി കാണാൻ ചിലര്‍ ശ്രമിക്കുന്നു. സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ത്തവം അശുദ്ധമാണെന്നു പ്രചരിപ്പിക്കുന്നു സ്ത്രീകളുടെ മനുഷ്യാവകാശവും ഭരണഘടനാപരമായ പൗരാവകാശവും നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്നും തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന് ഒരു വിഭാഗം സ്ത്രീകള്‍ ചിന്തിക്കുന്നതാണ് ഇതിനേക്കാള്‍ ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments