കോട്ടയം: അവഗണനയില്‍ മനം മടുത്ത് റബര്‍കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക്. കേരള ജനപക്ഷം സംസ്ഥാന വ്യാപകമായി റബര്‍ മുറിക്കല്‍ സമരത്തിന് ആഹ്വാനം ചെയ്തു.സംസ്ഥാനതല ഉദ്ഘാടനം 14 ന് ഈരാറ്റുപേട്ടയില്‍ ചെയര്‍മാന്‍ പി.സി. ജോര്‍ജ് നിര്‍വഹിക്കും. റബറിനു കിലോഗ്രാമിന് 250 രൂപ തറവില പ്രഖ്യാപിക്കുക, തുറമുഖങ്ങള്‍ വഴിയുള്ള റബര്‍ ഇറക്കുമതി നിയന്ത്രിക്കുക, റബര്‍ സബ്സിഡി പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
മുന്‍പ് ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണത്തില്‍ ഇളവു വരുത്തികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിലയിടിവില്‍ വിഷമിക്കുന്ന കര്‍ഷകരെ പ്രയാസത്തിലാക്കുന്ന നടപടിയാണ് കേന്ദ്രം കൈകൊണ്ടതെന്ന് അന്നേ സംഘടനകള്‍ പ്രതികരിച്ചിരുന്നു. ഏതു തുറമുഖം വഴിയും ‘അഡ്വാന്‍സ്‌ഓതറൈസേഷന്‍’ പദ്ധതിപ്രകാരം സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണു കേന്ദ്ര ഉത്തരവ്.
പദ്ധതിയുടെ പ്രത്യേകത നികുതി അടയ്ക്കാതെ ഇറക്കുമതി നടത്താമെന്നതാണ്. എന്നാല്‍ അസംസ്‌കൃതവസ്തു എന്ന നിലയില്‍ ഇറക്കുമതി ചെയ്യുന്ന റബര്‍ ആറു മാസത്തിനകം ഉല്‍പന്നമാക്കി കയറ്റുമതി ചെയ്തിരിക്കണം എന്നു പദ്ധതി വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥ കൃത്യമായി പാലിക്കപ്പെടില്ലെന്നും പദ്ധതിയുടെ മറവില്‍ വന്‍തോതില്‍ ഇറക്കുമതി നടക്കുമെന്നുമാണു കര്‍ഷകരുടെ ആശങ്ക. ഇന്ത്യയിലെ റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നിറവേറ്റുന്നതു ചെറുകിടകര്‍ഷകരാണെന്നിരിക്കെ അവരുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണിതെന്നും ആരോപണം ഉയര്‍ന്നിരുന്നു.ഇന്നത്തെ സാഹചര്യത്തില്‍ റബറിന് പകരം ആദായകരമായ മറ്റ് കാര്‍ഷിക വൃത്തിയിലേക്ക് മാറാനും ഇപ്പോള്‍ കൃഷിയിടങ്ങളിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റാനും ആവശഅയപ്പെട്ട് വിപുമായ പ്രചാരണ പരിപാടികളും നടത്തും.
Post Your Comments