KeralaLatest News

കെ.സുരേന്ദ്രനെ വച്ച് മീറ്റ് ദ പ്രസ് സംഘടിപ്പിച്ചതിനെ ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത

തിരുവനന്തപുരം•ജയില്‍ മോചിതനായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വച്ച് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് സംഘടിപ്പിച്ചതിനെ ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത. സുരേന്ദ്രന്റെ പ്രസ് മീറ്റ് വൈകിട്ട് 2.30ന് നടത്താന്‍ തിരുമാനിച്ചതിന് പിറകെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് ഇവര്‍ നിലപാട് എടുത്തു. സുരേന്ദ്രനെ പോലെ കേസില്‍ പ്രതിയായ ഒരാളെ മീറ്റ് ദ പ്രസിലേക്ക് ക്ഷണിച്ച് വരുത്തി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവസരം നല്‍കേണ്ടെന്നായിരുന്നു അവരുടെ വാദം. തുടര്‍ന്ന് നേരത്തെ 2.30ന് നടത്താനിരുന്ന പ്രസ് മീറ്റ് വേണ്ടെന്ന് വച്ചതായി പ്രസ് ക്ലബ് സെക്രട്ടറി തന്നെ അംഗങ്ങള്‍ക്ക് 12.30 ഓടെ മെസേജ് അയച്ചു.

തുടര്‍ന്ന് എന്ത് കൊണ്ടാണ് മീറ്റ് ദ പ്രസ് മാറ്റിയതെന്ന ചോദ്യവുമായി ചില അംഗങ്ങള്‍ രംഗത്തെത്തി. കെ സുരേന്ദ്രന് സ്വന്തം നിലപാടുകള്‍ വിശദീകരിക്കാന്‍ അവസരം നല്‍കുന്നതിലെന്താണ് പ്രയാസം എന്നും ഇവര്‍ ചോദിച്ചു.

ഇതാദ്യമായാണ് ജനകീയ സമരങ്ങളുടെയും മറ്റും പേരില്‍ ഒരു പാര്‍ട്ടിയുടെ നേതാവ് ജയിലിലാകുന്നത്. അദ്ദേഹത്തിന് സ്വന്തം നിലപാടുകള്‍ വിശദീകരിക്കാന്‍ അവസരം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല. അതിനാല്‍ നേരത്തെ നിശ്ചയിച്ച മീറ്റ് ദ പ്രസ് ക്യാന്‍സല്‍ ചെയ്യരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. മാധ്യമ രംഗത്ത് ഇടത് ഫ്രാക്ഷന്‍ തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കെ നേരത്തെ തീരുമാനിച്ച പരിപാടി മാറ്റിവെക്കുന്നത് ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ കുറ്റത്തിന് അറസ്റ്റിലായ ഒരാളെ വച്ച് പ്രസ് മീറ്റ് നടക്കാന്‍ പ്രസ് ക്ലബ് സംഘപരിവാറിന്റേതല്ല എന്നിങ്ങനെയുള്ള വാദങ്ങളുമായി ചില അംഗങ്ങള്‍ രംഗത്തെത്തി.

ഒടുവില്‍ നേരത്തെ തീരുമാനിച്ച മീറ്റ് ദ പ്രസ് നടത്തിയില്ലെങ്കില്‍ അത് വലിയ ചര്‍ച്ചയാവുമെന്ന് അംഗങ്ങളില്‍ ചിലര്‍ കര്‍ശന നിലപാട് എടുത്തതോടെ സുരേന്ദ്രന്റെ പ്രസ് മീറ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നേ മുക്കാലോടെ മീറ്റ് ദ പ്രസ് നടക്കുമെന്നും, നേരത്തെ പരിപാടി ക്യാന്‍സല്‍ ചെയ്തതായുള്ള അറിയിപ്പ് തെറ്റായിരുന്നുവെന്നും പ്രസ് ക്ലബ് സെക്രട്ടറി തന്നെ സന്ദേശം അയക്കുകയായിരുന്നു. ബോയ്‌കോട്ട് ഭീഷണി ഇവര്‍ ഉയര്‍ത്തിയെങ്കിലും എല്ലാവരും അവസാനം പരിപാടിയില്‍ പങ്കെടുത്തു.

തിരുവനന്തപുരം ടിഎന്‍ജി ഹാളിലായിരുന്നു ‘മീറ്റ് ദ പ്രസ്’ സംഘടിപ്പിച്ചിരുന്നത്. വളരെ രൂക്ഷമായ ചോദ്യങ്ങള്‍ ചിലര്‍ കെ സുരേന്ദ്രനെതിരെ മീറ്റ് ദ പ്രസിനിടെ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ അവരെ നിഷ്പ്രഭമാക്കുന്ന മറുപടിയാണ് സുരേന്ദ്രന്‍ നല്‍കിയത്. വളരെ പോസറ്റീവായ സമീപനം സുരേന്ദ്ര ന്‍ സ്വീകരിച്ചതോടെ പരിപാടിയില്‍ ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കാനെത്തിയവര്‍ വെട്ടിലായെന്നാണ് വിലയിരുത്തല്‍.

പരിപാടിയ്ക്ക് ശേഷവും എതിര്‍പ്പുകളും ചര്‍ച്ചകളും സജീവമായി നടക്കുകയാണ്. പ്രസ്‌ക്ലബ് സെക്രട്ടറിയുടെ കിളി പോയി എന്ന രീതിയില്‍ മാധ്യമപ്രവര്‍ത്തകനായ വി.എസ് ശ്യാംലാല്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലും ചര്‍ച്ച നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button