തിരുവനന്തപുരം: വനിതാമതിലുമായി സഹകരിക്കില്ല എന്ന് സംവരണ സമുദായ മുന്നണി. ഈ മാസം ഒന്നാം തിയതി നടത്തിയ നവോത്ഥാനപ്രസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുന്നണിയുടെ ഈ തീരുമാനം. യോഗത്തില്‍ സംവരണ സമുദായ മുന്നണിയുടെ നേതാക്കള്‍ ആവശ്യപ്പെട്ട സാമൂഹ്യ പരിഷ്‌കരണ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിരുന്നില്ല. കൂടാതെ ന്യൂനപക്ഷ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചതുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുന്നണിയുടെ കടുത്ത തീരുമാനങ്ങള്‍.
ഇതോടെ നവോത്ഥാനപ്രസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത 30 സംഘടനകള്‍ ആണ് വനിതാമതിലുമായി സഹകരിക്കുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ സാമൂഹ്യസമത്വ മുന്നണിയില്‍ ഉള്‍പ്പെടുന്ന മറ്റ് 22 സംഘടനകള്‍ കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലുമായി സഹകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. ഇടത് സര്‍ക്കാര്‍ സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം അവര്‍ തന്നെ നവോത്ഥാനം എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഏറെ കാപട്യം നിറഞ്ഞതാണെന്നും മുന്നണികളുടെ പ്രതിനിധികള്‍ ആരോപിച്ചു.
താന്ത്രിക വിദ്യ അഭ്യസിച്ചവരില്‍ ബ്രാഹ്മണരെന്നോ ബ്രാഹ്മണര്‍ അല്ലാത്തവര്‍ എന്നോ വ്യത്യാസങ്ങളില്ലാതെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി നിയമിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. എന്നിട്ടും ശബരിമല, ഗുരുവായൂര്‍ പോലുള്ള പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണര്‍ക്ക് അപേക്ഷ പോലും സമര്‍പ്പിക്കാനുള്ള അവകാശം വരെയും നിഷേധിച്ചിരിക്കുന്നു.
മാത്രമല്ല ശബരിമല ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളാണ് മലഅരയ സമുദായത്തില്‍ ഉള്‍പെടുന്നവര്‍. എന്നാല്‍ അവര്‍ക്ക് പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ നയം വ്യക്തമാക്കണം എന്നും ഒപ്പംതന്നെ ദേവസ്വം ബോര്‍ഡ് നിയമനത്തിലെയും കെ.എ.എസിലെയും സംവരണ വിഷയത്തിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും മന്നാനി നേതാക്കള്‍ ആവശ്യപ്പെട്ടു. അതിനുശേഷം മാത്രം സര്‍ക്കാരുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയു എന്നും അവര്‍ വ്യക്തമാക്കി. മുന്നണി നേതാക്കള്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Post Your Comments