ദില്ലി: വായുമലിനീകരണം ഏറ്റവും കൂടൂതലുള്ള 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലേതാണെന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം മറ്റൊരു ഭയമുണര്‍ത്തുന്ന റിപ്പോര്‍ട്ട് എന്നത് രാജ്യത്ത് 2017ല്‍ വായുമലിനീകരണത്തെ തുടര്‍ന്ന് മരിച്ചത് 12.4 ലക്ഷത്തോളം പേരെന്നതാണ്. പുകവലിയേക്കാള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദില്ലിയിലാണ് രാജ്യത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശും ഹരിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലേതാണെന്നും വായുമലിനീകരണം മൂലം ഉണ്ടാകുന്ന 26 ശതമാനം അകാല മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട്.
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ 70ന് താഴെ പ്രായമുള്ളവരില്‍ പകുതിയോളം പേരും മരിച്ചത് വായു മലിനീകരണം മൂലമാണെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. 12.4 ലക്ഷത്തോളം പേരില്‍ 4.8 ലക്ഷം പേര്‍ വീടുകളില്‍ നിന്നുണ്ടാകുന്ന മലിനീകരണം കാരണവും 6.7 ലക്ഷം പേര്‍ പുറമേ നിന്നുള്ള മലിന വായു ശ്വസിച്ചതിലൂടെയുമാണ് മരിച്ചത്. മലിനവായു ശ്വസിക്കുന്നത് കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനും കാരണമാകുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക് ആന്‍റ് ഇവാലുവേഷന്‍ ഡയറക്ടര്‍ പ്രഫ. ക്രിസ്റ്റഫര്‍ മുറെ.
Post Your Comments