അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നേരിട്ട മാനക്കേട് മറയ്ക്കാൻ അര്‍ദ്ധ സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാരയുടെ പോരാട്ടം. ഇന്ത്യയുടെ മോശം ബാറ്റിംഗിനിടയിലും അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു പൂജാര. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റുകള്‍ നഷ്ടമായി.
നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലാണ് ഇന്ത്യ. മൂന്നാമനായി ഇറങ്ങി ഒരറ്റത്ത് നിലയുറപ്പിച്ച പൂജാര 153 പന്തില്‍ നിന്നാണ് ടെസ്റ്റിലെ 20-ാം അര്‍ദ്ധ സെഞ്ചുറി തികച്ചത്. പുറത്താകാതെ 170 പന്തില്‍ 60 റണ്‍സെടുത്ത പൂജാരയ്ക്കൊപ്പം 10 റണ്‍സുമായി അശ്വിനാണ് ക്രീസില്‍. 64 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റിന് 162 റണ്‍സാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
മധ്യനിരയില്‍ പ്രതിരോധക്കോട്ടെ കെട്ടുമെന്ന് കരുതിയ രഹാനെയെ(13) ഹെയ്സല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ രണ്ടാം സെഷനില്‍ ആക്രമിച്ച് കളിച്ചുതുടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് ആവേശമാണ് വിനയായത്. 38-ാം ഓവറിലെ രണ്ടാം പന്തില്‍ ലിയോണെ രോഹിത് സിക്സര്‍ പറത്തി. തൊട്ടടുത്ത പന്തിലും സിക്സിനുള്ള ഹിറ്റ്മാന്റെ ശ്രമം ഹാരിസിന്റെ കൈകളില്‍ അവസാനിച്ചു. 61 പന്തില്‍ 37 റണ്‍സാണ് രോഹിത് നേടിയത്.
മിന്നും വേഗത്തില്‍ തുടങ്ങിയ റിഷഭ് പന്തിനും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പെയ്നിന് ക്യാച്ച് നല്കി പന്ത് മടങ്ങി. 38 പന്തില്‍ പന്ത് നേടിയത് 25 റണ്‍സ്. ഇതോടെ ഇന്ത്യ ആറ് വിക്കറ്റിന് 127 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ പൊരുതിനിന്ന പൂജാര പിന്നാലെ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയായിരുന്നു.
Post Your Comments