പ്രായത്തെ വെല്ലുന്ന പാചക വൈവിധ്യത്താൽ സോഷ്യൽ മീഡിയയിൽ കോടികണക്കിന് ആളുകളെ കയ്യിലെടുത്ത മസ്താനമ്മ മുത്തശ്ശി അന്തരിച്ചു. 107-ാം വയസിലായിരുന്നു മുത്തശ്ശിയുടെ അന്ത്യം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യുട്യൂബര്‍ എന്ന പദവിയും മുത്തശ്ശിക്കുണ്ട്.
75 ലക്ഷത്തോളം ആള്‍ക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു. തണ്ണിമത്തന്‍ ഉപയോഗിച്ചുള്ള ചിക്കന്‍ കറി, കബാബ്, ബിരിയാണി എന്നിവ യുട്യൂബില്‍ നിറഞ്ഞോടി.
2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. പിന്നീട് അങ്ങോട്ട് മുത്തശ്ശിയുടെ ഓരോ ഐറ്റവും ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു.
ആന്ധ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം. പതിമൂന്നാം വയസിൽ വിവാഹം കഴിച്ച മുത്തശ്ശിക്ക് അഞ്ച് മക്കളുണ്ടായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഈ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തി. പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. 107-ാമത്തെ വയസില്‍ ഇനിയും നാവറിയാത്ത ഒട്ടേറെ രുചിക്കൂട്ടുകള്‍ ബാക്കി വച്ചാണ് മുത്തശ്ശിയുടെ മടങ്ങിയത്.
Post Your Comments