കൊല്ലം: വിദ്യാര്‍ത്ഥി രാഖി കൃഷ്‌ണയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ഫാത്തിമ മാതാ കോളേജ് നിയോഗിച്ച ഏഴംഗ കമ്മിഷനിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇന്നലെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. കമ്മിഷന്റെ കണ്ടെത്തലുകള്‍ അംഗീകരിക്കാന്‍ കമ്മിഷനംഗമായ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിസമ്മതിച്ചതാണ് കാരണം. രാഖിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്ത അദ്ധ്യാപകരെ സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടെന്നാണ് സൂചന.
വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പരീക്ഷാ ചുമതലയുണ്ടായിരുന്ന ആറ് അദ്ധ്യാപകരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. പ്രക്ഷോഭം തണുപ്പിക്കാന്‍ മാറ്റി നിറുത്തിയ അദ്ധ്യാപകരെ തിരിച്ചെടുക്കാന്‍ വേണ്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് അദ്ധ്യാപകര്‍ക്ക് അനുകൂലമാക്കുമെന്നാണ് ആക്ഷേപം.
രാഖി ആത്മഹത്യ ചെയ്തിട്ട് ഒരാഴ്ച പിന്നിടുമ്ബോഴും പൊലീസ് അന്വേഷണവും എങ്ങുമെത്തിയില്ല. ആരോപണ വിധേയരായ അദ്ധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കഴിയുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
Post Your Comments