കൊച്ചി: ചികിത്സക്കായി വലിയ തുക ചെലവാക്കേണ്ടി വരുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങാവണമെന്ന് ഹൈക്കോടി. ഇത്തരത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവ് നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി അറിയിച്ചു. അതേസമയം രോഗികള്‍ മാധ്യമങ്ങളിലൂടേയും മറ്റും സഹായം തേടുന്ന ദുരിതക്കാഴ്ചകള്‍ ഹൃദയഭേദകമാണെന്നും കൊടിയ ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് മിനിമം അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചികിത്സയ്ക്കും മറ്റും മാര്‍ഗമില്ലാത്തവരെ സഹായിക്കാന്‍ സര്‍ക്കാരിന് സംവിധാനങ്ങളുണ്ടോ എന്നറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം സാമൂഹിക ഉന്നമനം, മനുഷ്യാവകാശ സംരക്ഷണം എന്നിവയ്ക്കായി പൊതുഫണ്ടില്‍നിന്ന് സര്‍ക്കാര്‍ വലിയ തുക ചെലവിടുന്നുണ്ട്. എന്നാല്‍ രോഗവും സാമ്പത്തിക ബാധ്യതയും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തത് അലോസരമുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു. ദാരിദ്ര്യം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ സ്വയം സംരക്ഷിക്കാനാവാത്തവരെ സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും കോടതി അറിയിച്ചു.
രണ്ട് കുട്ടികളുടെ ചികിത്സാ ചെലവും കുടുംബ ഭാരവും താങ്ങാനാവാതെ കടക്കെണിയിലായ മലപ്പുറം ജില്ലയിലെ അലവി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. ബാങ്കിന്റെ കടമീടാക്കല്‍ നടപടി ചോദ്യം ചെയ്തായിരുന്നു അലവിയുടെ ഹര്‍ജി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. അതേസമയം ഇയാളുടെ കുടുംബത്തിന്റെ അവസ്ഥ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ മുഖേന വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ മലപ്പുറം കളക്ടറെ കോടതി ചുമതലപ്പെടുത്തി.
Post Your Comments