ബെംഗളൂരു: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് കർണാടക അജീഷിന്റെ കുടുംബത്തിന് ധനസഹായമായി നൽകുന്നത്. വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് ഇക്കാര്യം അറിയിച്ചത്. കർണാടക പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി.
കർണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട മോഴ ബേലൂർ മഘ്നയാണ് അജീഷിനെ ചവിട്ടി കൊന്നത്. ഫെബ്രുവരി 10-നാണ് അജീഷിനെ കാട്ടാന ആക്രമിച്ചത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. രക്ഷപ്പെടുന്നതിനിടയിൽ ജോമോൻ എന്നയാളുടെ വീട്ടിലേക്ക് ചാടി കയറുന്നതിനിടെ അജീഷ് നിലതെറ്റി താഴേക്ക് വീണു. പിന്നാലെ പാഞ്ഞടുത്ത ബേലൂർ മഘ്ന എന്ന കാട്ടാന വീടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, ബേലൂർ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലാണ്. ആന കേരളം കടന്ന് നാഗർഹോളയിലെത്തിയതായാണ് റിപ്പോർട്ട്. വനംവകുപ്പ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments