സദ്ഭരണ ഉദ്യമങ്ങളെകുറിച്ചുള്ള രണ്ട് ദിവസത്തെ മേഖലാ സമ്മേളനം ഈ മാസം 10, 11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഈ മാസം 10 ന് തിരുവനന്തപുരം ശംഖുമുഖത്തെ ഹോട്ടൽ ഉദയ്‌സ്യൂട്ട്‌സിൽ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭരണ പരിഷ്‌കാരവകുപ്പും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ദക്ഷിണ പശ്ചിമസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
കേന്ദ്ര ഭരണപരിഷ്‌ക്കാര വകുപ്പ സെക്രട്ടറി കെ.വി. ഈപ്പൻ, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടർ കെ. ജയകുമാർ, കേന്ദ്ര ഭരണ പരിഷ്‌ക്കാരവകുപ്പ് അഡീഷണൽ സെക്രട്ടറി വി. ശ്രീനിവാസ് തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്യും. പൗരകേന്ദ്രീകൃത ഭരണക്രമത്തിലെ മികച്ച മാതൃകകളുടെ രൂപീകരണവും നടപ്പാക്കലും, ഇ-ഗവേർണൻസിലൂടെ മെച്ചപ്പെട്ട പൊതുസേവനങ്ങൾ ലഭ്യമാക്കൽ, സുതാര്യവും ജനസൗഹൃദപരവുമായ കാര്യക്ഷമതയാർന്ന ഭരണനിർവ്വഹണം മുതലായവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുള്ളഒരു പൊതുവേദി ഒരുക്കുകയാണ് മേഖലാ സമ്മേളനത്തിന്റെ ഉദ്ദേശ്യം.
സദ്ഭരണഉദ്യമങ്ങൾ വികസനം കാംക്ഷിക്കുന്ന ജില്ലകൾ’എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സദ്ഭരണമാതൃകകൾ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും. വികസനം കാംക്ഷിക്കുന്ന ജില്ലകളിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം/ കൃഷി/ പൗരകേന്ദ്രീകൃതസേവനങ്ങൾ മുതലായ വിഷയങ്ങളിൽ സാങ്കേതികസെഷനുകളും, പാനൽ ചർച്ചകളും ഉണ്ടാകും.
Post Your Comments