തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ത്വക്ക് ബാങ്ക് തലസ്ഥാനത്ത്. തീപ്പൊള്ളലില്‍നിന്ന് രക്ഷപ്പെട്ടാലും മറക്കാനും മറയ്ക്കാനുമാകാത്ത മുറിപ്പാടുകളുമായി ജീവിക്കുന്നവര്‍ക്ക് ഇതൊരു താങ്ങാകും. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ സര്‍ക്കാര്‍– സ്വകാര്യമേഖലയിലെ ആദ്യ ത്വക്ക് ബാങ്ക് യാഥാര്‍ഥ്യമാകുന്നത്. ഇതിനായി 6.58 കോടിക്ക് ഭരണാനുമതിയായി. പുറ്റിങ്ങല്‍ അപകടസമയത്ത് മിതമായ സൗകര്യമുപയോഗിച്ച് തീവ്രമായി പൊള്ളലേറ്റ പരമാവധി രോഗികളെ രക്ഷിച്ചെടുക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റിന് കഴിഞ്ഞിരുന്നു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് യൂണിറ്റ് ശക്തിപ്പെടുത്താനും ത്വക്ക് ബാങ്ക് സ്ഥാപിക്കാൻ തീരുമാനമായത്.
ത്വക്ക് ബാങ്കിന്റെയും പൊള്ളല്‍ ചികിത്സാ ഐസിയുവിന്റെയും നിര്‍മാണത്തിനായി 2.17 കോടിയും ഉപകരണങ്ങള്‍ സജ്ജമാക്കാന്‍ 1.30 കോടിയുമാണ് അനുവദിച്ചത്. ആദ്യഘട്ടമായി 2.18 കോടി അനുവദിച്ചു. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയ സര്‍ജിക്കല്‍ ഐസിയു പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ കീഴില്‍ ത്വക്ക് ബാങ്കും 10 കിടക്കയുമുള്ള വെന്റിലേറ്റര്‍ സൗകര്യത്തോടെ പൊള്ളല്‍ ചികിത്സാ ഐസിയുവും ഒരുക്കുന്നത്. എട്ട് കിടക്കയുള്ള സ്റ്റെപ്പ് ഡൗണ്‍ ഐസിയുവും ഒരുക്കും.
മൃതദേഹങ്ങളില്‍നിന്ന് ശേഖരിച്ച ത്വക്ക് ആധുനികസജ്ജീകരണത്തോടെ ബാങ്കില്‍ സൂക്ഷിച്ച് ആവശ്യമുള്ളവര്‍ക്ക് നൂതന സാങ്കേതികവിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യും. പൊള്ളലേറ്റും അപകടത്തില്‍പ്പെട്ടും തൊലി നഷ്ടപ്പെടുന്നവര്‍ക്ക് സംരംഭം ഉപകാരപ്രദമാകും.
Post Your Comments