ജോധ്പൂർ: ഗുജറാത്തിലെ സോമ്നാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പിന്തിരിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് അനുമതി നല്‍കിയിട്ടും നെഹ്രു സര്‍ദാര്‍ പട്ടേലിനെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. കുറച്ച് നാള് മുന്‍പ് മോദിക്ക് ഹിന്ദു മതത്തെപ്പറ്റി ഒന്നുമറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
എന്നാല്‍ ഹിന്ദുമതത്തെപ്പറ്റിയുള്ള പാണ്ഡിത്യമുള്ളതിനാല്‍ ജനം വോട്ട് ചെയ്യുമോയെന്ന് മോദി ചോദിച്ചു. വോട്ട് ലഭിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.ഹിന്ദുത്വവും ഹിന്ദു മതവും വളരെ പുരാതനമായ പ്രത്യയശാസ്ത്രമാണെന്നും അതെപ്പറ്റി തനിക്ക് മുഴുവന്‍ അറിയാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. വളരെയധികം പാണ്ഡിത്യമുള്ള വ്യക്തികള്‍ പോലും മുഴുവന്‍ അറിയാന്‍ സാധിക്കാത്ത ഹിന്ദുത്വത്തെപ്പറ്റി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അറിയാമെന്നാണ് അവര്‍ പറയുന്നതെന്ന് മോദി വിമര്‍ശിച്ചു.
റോഡുകള്‍ നിര്‍മ്മിക്കുന്നതിനും വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് മോദി പറഞ്ഞു. അത് കൊണ്ടാണ് ബി.ജെ.പി വികസനത്തെപ്പറ്റിയും പുരോഗതിയെപ്പറ്റിയും ചര്‍ച്ചകള്‍ നടത്തുന്നതെന്ന് മോദി വ്യക്തമാക്കി. എന്നെങ്കിലും കോണ്‍ഗ്രസ് വികസനത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോയെന്നും മോദി ചോദിച്ചു.
രാജസ്ഥാനില്‍ ടൂറിസം വികസിച്ചത് മുന്‍ മുഖ്യമന്ത്രി ഭൈരോണ്‍ സിംഗ് ശെഖാവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്ന് മോദി പറഞ്ഞു. ടൂറിസത്തിന്റെ അടിസ്ഥാനം ശുചിത്വത്തിലാണെന്നും അതേപ്പറ്റി കോണ്‍ഗ്രസ് ഒന്നും തന്നെ ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി. അതിനാലാണ് താന്‍ സ്വച്ഛ് ഭാരത് അഭിയാന് തുടങ്ങിയതെന്നും ഇത് മൂലം രാജ്യത്ത് ശുചിത്വം കൊണ്ടുവരുന്നതിനൊപ്പം തൊഴിലവസരങ്ങളും രൂപപ്പെടുത്താന്‍ പറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments