പത്തനംതിട്ട: ദേവസ്വം ബോര്‍ഡിനെ പിഴിഞ്ഞു സര്‍ക്കാര്‍. ശബരിമലയില്‍ 2017-18 തീര്‍ഥാടന കാലത്ത് വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ച വകയില്‍ ദേവസ്വം ബോര്‍ഡിന്, സര്‍ക്കാര്‍ നല്‍കാനുള്ളത് 3.50 കോടി രൂപ. ഈ തുക ഈടാക്കാന്‍ ബോര്‍ഡ് നിരവധി തവണ ശ്രമിച്ചെങ്കിലും വകുപ്പ് അധികൃതര്‍ സഹകരിക്കുന്നില്ല. ഇപ്പോഴും വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ നിലയ്‌ക്കലും പമ്ബയിലുമുള്ള ദേവസ്വം ബോര്‍ഡിന്റെ ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന്‍ പമ്ബുകളില്‍നിന്നും ഇന്ധനം നിറയ്‌ക്കുന്നതു തുടരുകയാണ്.
കഴിഞ്ഞ തവണത്തേക്കാള്‍ ആറിരട്ടി പോലീസ് വാഹനങ്ങള്‍ ഇക്കുറി പണം നല്‍ക്കാതെ ഇന്ധനം നിറച്ചു. കടക്കെണിയിലേക്ക് നീങ്ങുന്ന ബോര്‍ഡിന് ഇതു വന്‍ബാധ്യതയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ഇടതു ഭരണകാലത്ത് സി.കെ. ഗുപ്‌തന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു ബോര്‍ഡ്, പോലീസിന് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ അഞ്ചര കോടി രൂപ നല്‍കിയിരുന്നു. ഇതു ചോദ്യംചെയ്‌തു ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു ബോര്‍ഡിന് പണം തിരികെ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
സന്നിധാനത്തും പമ്ബയിലും നിലയ്‌ക്കലിലും അനുബന്ധമേഖലകളിലുമായി അയ്യായിരത്തോളം പോലീസുകാരെയാണു കഴിഞ്ഞ ദിവസം വരെ വിന്യസിച്ചിട്ടുള്ളത്. ഇവരുടെ ഭക്ഷണം, താമസം എന്നിവയെല്ലാം ദേവസ്വം ബോര്‍ഡാണ് വഹിക്കുന്നത്.
Post Your Comments