കോഴിക്കോട്: കോഴിക്കോടിന്റെ സ്വന്തം തെരുവുഗായകന്‍ ബാബു ഭായിയും കുടുംബവുമാണ് ഒരുപറ്റം സംഗീത പ്രേമികളുടെ സഹായത്താല്‍ ഷാര്‍ജയില്‍ പാടാന്‍ ഒരുങ്ങുന്നത്. കോഴിക്കോട് മിഠായിത്തെരുവിലെയും നഗരഭാഗങ്ങളിലെയും സ്ഥിരം പാട്ടുകാരും ഗുജറാത്ത് സ്വദേശികളുമായ ബാബുവിനും ലതയ്ക്കുമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ തെരുവില്‍ പാടാനുള്ള അനുവാദം നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകളാണ് ഇവര്‍ക്കൊപ്പം മിഠായിത്തെരുവില്‍ ഒത്തുകൂടിയത്. വിശ്രമമില്ലാതെയുള്ള പാട്ടും, പ്രായവും ബാബു ഭായിയുടെ ആരോഗ്യത്തെയും ബാധിച്ചു തുടങ്ങി. ഇപ്പോള്‍ തുടര്‍ച്ചയായി പാടാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് ഈ ഗായകന്‍. ഒരു ദിവസം പാടിയാല്‍ രണ്ടു മൂന്നു ദിവസം വിശ്രമം എടുക്കേണ്ട അവസ്ഥയില്‍ ആണ്.
ഈ വിവരങ്ങള്‍ ഒക്കെ അറിയുന്ന ഖത്തറിലെ പ്രവാസി കൂട്ടായ്മ ഈ കുടുംബത്തെ ഖത്തറില്‍ പാടാനായി കൊണ്ടു പോയിരുന്നു. ബാബുഭായിയുടെ ഈ കഥയറിഞ്ഞ കോഴിക്കോട്ടുകാരായ ഒരുപറ്റം സംഗീത പ്രേമികള്‍ ബാബു ഭായിക്കും കുടുംബത്തിനും ഒരു സഹായ ഹസ്തം നീട്ടുകയാണ്, ഷാര്‍ജയില്‍ ഈ ഡിസംബര്‍ ഏഴാം തിയതി ബാബു ഭായിയും കുടുംബവും പാടുകയാണ്. ഏഴാം തിയതി വൈകുന്നേരം അഞ്ചുമണിക്ക് മെഗാമാളിന് സമീപമുള്ള റയാന്‍ ഹോട്ടലില്‍ കോഴിക്കോടിലെ തെരുവിന്റെ സംഗീതം പ്രവാസ ഭൂമിയില്‍ ആസ്വാദനത്തിന്റെ സുന്ദര നിമിഷങ്ങള്‍ ഒരുക്കാന്‍ പോവുകയാണ്. നാട്ടുകാരായ കലാകാരന്മാരെ എന്നും ആദരിച്ചിട്ടുള്ള പ്രവാസികളുടെ അകമഴിഞ്ഞ സ്നേഹത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് മുന്നോട്ടുപോകുന്നത് എന്നാണു സംഘാടകര്‍ പറയുന്നത്. ഇത്തരത്തിലുള്ള യാഥാര്‍ത്ഥ കലാകാരന്‍മാരെ കാലത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏതെങ്കിലും ഒരു നാള്‍ ഇവരെ തേടി അര്‍ഹിക്കുന്ന ആദരം എത്തും. അവഗണനയുടെ വക്കില്‍ നിന്നും ഇത്തരത്തിലുള്ളവരെ ഉയര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്നാണ് സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. ഷാജി വടകര പറയുന്നത്.
Post Your Comments