മൂന്നാര്‍: മീന്‍ വ്യാപാരിയെ തെരുവില്‍ ആൾകൂട്ടം മർദ്ദിച്ച സംഭവത്തില്‍ മാങ്കുളം സ്വദേശികളായ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടിമാലി വാളറ താണേലി എം. മക്കാറിനെയാണ്(68) കഴിഞ്ഞ വ്യാഴാഴ്ച മാങ്കുളത്ത് വെച്ച് സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
മീനുമായി വാഹനത്തിൽ വരുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു മർദ്ദനം. റോഡിലിട്ടു ചവിട്ടുകയും ചെയ്തു. റിസോർട്ടിലേക്കു മീൻ നൽകിയതിന്റെ കുടിശികപ്പണം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ആക്രമണമെന്നു നാട്ടുകാർ പറഞ്ഞു.
മർദ്ദനമേറ്റ മക്കാർ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. വീണ്ടും ആക്രമണം ഉണ്ടാകുമോ എന്ന ഭയമുള്ളതിനാൽ മക്കാർ പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പോലീസിനെ അറിയിക്കുമെന്നു മർദ്ദിച്ചവർ ഭീഷണിപ്പെടുത്തിയെന്നും മക്കാർ പറയുന്നു.
Post Your Comments