തിരുവനന്തപുരം : വിഴിഞ്ഞം മറൈൻ അക്വേറിയത്തിൽ അപൂർവ ഇനം തിരണ്ടി മത്സ്യത്തെ കണ്ടെത്തി. വെള്ളയും കറുപ്പും പുള്ളികളോടുള്ള വാലാണ് പ്രത്യേകത. വെള്ളപ്പുള്ളികളോടുള്ള ചാട്ടവാർ സമാനമായ വാലുള്ള ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം മാക്യൂ ബാറ്റിസ് ജെറാർഡി എന്നാണ്.
അക്വേറിയം സാഹചര്യത്തിൽ സൂക്ഷിക്കുന്നതിനു വളരെ ബുദ്ധിമുട്ടുള്ള ഈ ഇനത്തിന്റെ സംരക്ഷണം വെല്ലുവിളിയായി ഏറ്റെടുത്ത അധികൃതർ ഇതിനെ അതീവ ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസമാണ് ഈ മത്സ്യത്തെ ലഭിച്ചത്. ഇന്നലെ ഇതിനെ പ്രദർശന ടാങ്കിലെത്തിക്കുകയും ചെയ്തു. ഒന്നര മീറ്ററോളം നീളമുള്ള വാലാണ് ആകർഷണം.
കാഴ്ചക്കു ഭീതി തോന്നുന്ന വവ്വാൽ മത്സ്യമാണ് അക്വേറിയത്തിലെ മറ്റൊരു നവാതിഥി. കറുപ്പും വെള്ളയും ഇടവിട്ടുള്ള വീതിയുള്ള വരകളും വിശറി പോലുള്ള ചിറകുകളും കുറുകിയ മുഖവും കണ്ണുകളും ഈ മത്സ്യത്തിനു വാവലിന്റെ രൂപസാദൃശ്യമേകും.
Post Your Comments