കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പങ്കെടുക്കാന്‍ ആഗ്രഹിച്ച് കണ്ണൂരില്‍ എത്തുന്നവര്‍ക്കായി വേദിയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ് നടത്തും. നാലു കേന്ദ്രങ്ങളില്‍നിന്ന് 90 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഈ മാസം 9നാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം.
പനയത്താംപറമ്പ്, മട്ടന്നൂര്‍ ഹൈസ്‌കൂള്‍- പോളിടെക്‌നിക് ഗ്രൗണ്ടുകള്‍, ചാവശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങില്‍ സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശേഷം സൗജന്യ ബസുകളിലാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തേണ്ടതും തിരിച്ച് പോകേണ്ടതും. ഉദ്ഘാടനദിവസം രാവിലെ 6 മുതല്‍ വൈകിട്ട് 3 വരെ ഇടതടവില്ലാതെ ബസ്സുകള്‍ സര്‍വീസ് നടത്തും. ഈ സമയത്ത് പ്രത്യേക പാസ്സില്ലാത്ത ഒരു വാഹനവും വിമാനത്താവളത്തിലേക്ക് കടത്തിവിടില്ല.
കൂത്തുപറമ്പ്, പാനൂര്‍, വടകര, തലശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ അഞ്ചരക്കണ്ടി ജംക്ഷന്‍ വഴിയാണ് പോകേണ്ടത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, ഇരിക്കൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ചാലോട് ജംക്ഷനില്‍ നിന്നു വലത്തോട്ടു തിരിഞ്ഞാണ് പനയത്താംപറമ്പില്‍ പാര്‍ക്ക് ചെയ്യേണ്ടത്. ഇവിടെ എത്തുന്നവര്‍ക്കായി 50 കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നതായിരിക്കും.
കരുവന്‍ചാല്‍, മട്ടന്നൂര്‍, ശിവപുരം, മരുതായി ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ മട്ടന്നൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട്, മട്ടന്നൂര്‍ പോളിടെക്നിക് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതുണ്ട്. ഇരിട്ടി, ഉളിക്കല്‍, പേരാവൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ചാവശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെ എത്തുന്നവര്‍ക്കും ലൈന്‍ ബസ്സുകളില്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവരെയും ഉദ്ഘാടന വേദിയിലേക്കും തിരിച്ചും പോകുന്നതിനായി 40 സ്വകാര്യ ബസുകള്‍ സജീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു ഈ തീരുമാനം.
Post Your Comments