KeralaLatest News

എയ്ഡ്സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: എച്ച്.ഐ.വി. എയ്ഡ്സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നിപ പ്രതിരോധം സാധ്യമാക്കിയത്. അതുപോലെ എയ്ഡ്സ് നിയന്ത്രണം ലക്ഷ്യത്തിലെത്തിക്കാനും എല്ലാവരും ഒത്തൊരുമിക്കണം. എയ്ഡ്സ് നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി ഒരു വര്‍ഷം നീളുന്ന കര്‍മ്മ പദ്ധതികളാണ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം യൂണിവേഴ്സിറ്റി കോളേജ് ഓപ്പണ്‍ ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2030-ഓടു കൂടി ഈ ഭൂമുഖത്തു നിന്നും എച്ച്.ഐ.വി. യെ തുടച്ചു നീക്കുക എന്നുള്ളതാണ് ആഗോളതലത്തില്‍ യുഎന്‍ എയ്ഡ്സ് ന്റെ ലക്ഷ്യം. ഇതിന്റെ മുന്നോടിയായി 2020 ഓടു കൂടി 90-90-90 എന്ന ലക്ഷ്യം പ്രാപ്തമാക്കുവാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തും നടത്തുന്നത്. ആദ്യഘട്ടത്തില്‍ എച്ച്.ഐ.വി. അണുബാധയുള്ള 90 ശതമാനം ജനങ്ങളും അവര്‍ എച്ച്.ഐ.വി. അണുബാധിതരാണ് എന്ന് തിരിച്ചറിയുക, തുടര്‍ന്ന് എച്ച്.ഐ.വി. അണുബാധിതരാണ് എന്നു കണ്ടെത്തിയ 90 ശതമാനം ആളുകള്‍ക്കും ആന്റി റിട്രോ വൈറല്‍ ചികിത്സ (ART) ഉറപ്പാക്കുക, എ.ആര്‍.റ്റി ചികിത്സ ലഭ്യമാക്കിയിട്ടുള്ള 90% പേരിലും എച്ച്.ഐ.വി രോഗാണുവിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രണ വിധേയമാക്കുകയും തുടര്‍ ചികിത്സയും നല്‍കുക. അങ്ങനെ പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി തുടര്‍ ചികിത്സ നല്‍കുന്ന ആക്ഷന്‍ പ്ലാനിനും രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button