Kerala

തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയ്ക്ക് ദേശീയ അംഗീകാരം

ഫോറന്‍സിക് പരിശോധനയ്ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുള്ള മികവ് പുലര്‍ത്തിയതിനുള്ള എന്‍.എ.ബി.എല്‍ ബഹുമതിയുടെ നിറവില്‍ തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി. ജൂണ്‍ മുതല്‍ ‘നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസി’ന്റെ അംഗീകാരം ലഭ്യമായതിന്റെ ഔദ്യോഗികരേഖയാണ് വകുപ്പിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കേരളത്തില്‍ മൂന്നുമേഖലകളിലായി തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമാണ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരുവനന്തപുരം കേന്ദ്രത്തിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും 30,000 കേസുകളിലായി 90,000 ഓളം സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കെമിക്കല്‍ ലാബുകളില്‍ സ്വീകരിക്കുന്നത്. സംസ്ഥാനമാകെ 58 അനലിസ്റ്റുകളാണ് ഈ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ സാമ്പിള്‍ പരിശോധന നടത്തുന്ന ലാബുകളില്‍ ഒന്നു കൂടിയാണ് തിരുവനന്തപുരത്തുള്ളത്.

ഫോറന്‍സിക് രംഗത്ത് ലോകത്ത് ലഭ്യമായ ആത്യാധുനിക ഉപകരണങ്ങളായ ലിക്വിഡ് ക്രൊമാറ്റോഗ്രാഫ് മാസ് സ്‌പെക്‌ട്രോസ്‌കോപ്, ഗ്യാസ് ക്രൊമാറ്റോഗ്രാഫ് മാസ് സ്‌പെക്‌ട്രോസ്‌കോപ്, ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോസ്‌കോപ്, അള്‍ട്രാ വയലറ്റ് സ്‌പെക്‌ട്രോസ്‌കോപ്, ഗ്യാസ് ക്രൊമാറ്റോഗ്രാഫുകള്‍, റിഫ്രാക്‌ട്രോമീറ്ററുകള്‍, ക്യാമറ സംവിധാനമുള്ള മൈക്രോസ്‌കോപ്പുകള്‍, അയണ്‍ ക്രൊമാറ്റോഗ്രാഫ് എന്നിവ ഈ ലാബിലുണ്ട്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് കാലിബ്രേഷന്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് എല്ലാ പരിശോധനകളും നടത്തുന്നത്.

അഞ്ച് പ്രധാന വിഭാഗങ്ങളാണ് ലാബിലുള്ളത്. മനുഷ്യരിലും മറ്റു ജീവികളിലും അസ്വാഭാവിക മരണകാരണം തിരിച്ചറിയാനുള്ള ആന്തരികാവയവ പരിശോധന നടത്തുന്ന ‘ടോക്‌സിക്കോളജി’, ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകള്‍, രക്തം, മറ്റു ശരീരസ്രവങ്ങള്‍, മുടി, നാരുകള്‍ തുടങ്ങിയവ ഫോറന്‍സിക് പരിശോധന നടത്തുന്ന ‘സീറോളജി’, മയക്കുമരുന്നുകളുടെ പരിശോധന നടത്തുന്ന നാര്‍ക്കോട്ടിക്‌സ്, വിദേശമദ്യം, കള്ള്, സ്പിരിറ്റ്, അരിഷ്ടം, ഡിസ്റ്റിലറികളിലെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധയ്ക്ക് എക്‌സൈസ് വിഭാഗം, സ്‌ഫോടകവസ്തുക്കള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, മുക്കുപണ്ടം, കോണ്‍ക്രീറ്റ് സാമ്പിളുകള്‍ തുടങ്ങിയവ പരിശോധിക്കുന്ന ജനറല്‍ കെമിസ്ട്രി എന്നിവയാണ് വിഭാഗങ്ങള്‍. ഈ വിഭാഗങ്ങളില്‍ സംസ്ഥാനത്ത് ഔദ്യോഗികമായി എല്ലാ പരിശോധനകളും നടത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയാണ്.

ഐ.എസ്.ഒ/ഐ.ഇ.സി 17025: 2005, എന്‍.എ.ബി.എല്‍- 113 (2016) അനുസരിച്ചുള്ള അന്താരാഷ്ട്ര നിലവാരമുള്ള ലബോറട്ടറി സംവിധാനങ്ങളും പരിശോധനാരീതികളും മാനദണ്ഡങ്ങളും പാലിക്കപ്പെട്ടതിനാലാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചത്. ഈ അംഗീകാരത്തിന് അപേക്ഷിക്കാന്‍ തന്നെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടാലേ കഴിയൂ. കൂടാതെ, ലഭിച്ച അംഗീകാരത്തിനനുസരിച്ചുള്ള നിലവാരം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ കൃത്യമായ തുടര്‍പരിശോധനകളും നിരീക്ഷണങ്ങളും ഉണ്ടാകും. വകുപ്പ് ജീവനക്കാരുടെ ചിട്ടയായ പ്രവര്‍ത്തനമാണ് അംഗീകാരത്തിന് സഹായമായതെന്ന് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ജയകുമാരന്‍ നായര്‍ പറഞ്ഞു.

ഇന്ത്യയില്‍ 90 ഓളം ഫോറന്‍സിക് ലാബുകളില്‍ 10 എണ്ണത്തിനാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ആഭ്യന്തരവകുപ്പിനുകീഴില്‍ സ്വതന്ത്രവകുപ്പായാണ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്.

shortlink

Post Your Comments


Back to top button