
തിരുവനന്തപുരം: ഐ.ജി മനോജ് എബ്രാഹാമിനെ എ.ഡി.ജി.പിയായി ഉയര്‍ത്തുന്നതും മൂന്ന് ഐ.എ.എസുകാരെ പ്രിന്‍സിപ്പല്‍സെക്രട്ടറിമാരാക്കുന്നതും അടക്കം ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.1994 ഐ.പി.എസ് ബാച്ചിലെ മനോജ് എബ്രഹാമിന് ഒഴിവ് വരുന്ന മുറയ്ക്ക് നിയമനം നല്‍കും.
2001 ഐപിഎസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മയെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്(ഐജി) പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. 2005 ഐപിഎസ് ബാച്ചിലെ നീരജ്കുമാര്‍ ഗുപ്ത, എ.അക്‌ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവര്‍ക്കു ഡിഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കും.
മനോജ് എബ്രഹാമിന് തിരുവനന്തപുരത്തു തന്നെ തുടരാനാവുമെന്നതാണ് പ്രത്യേകത. ദക്ഷിണമേഖലയുടെ ചുമതല മനോജ് എബ്രഹാമിന് നല്‍കുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാനത്തു 10 എഡിജിപിമാരാണുള്ളത്. ഇവര്‍ക്ക് ഒഴിവു വരുന്ന മുറയ്ക്കു സ്ഥാനക്കയറ്റം നല്‍കും. തിരുവനന്തപുരത്ത് തന്നെ എഡിജിപിയായി മനോജിനെ നിയമിക്കാനുള്ള പദവികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങി കഴിഞ്ഞു.
സംസ്ഥാനത്തെ 32 ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകളിലെ 460 തസ്തികകള്‍ക്ക് 2018 സെപ്‌തംബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാനും തീരുമാനിച്ചു.
Post Your Comments