കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടിയെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍. പ്രതികൾ കൃത്യം നടത്തിയത് പണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയുടെ സഹോദരനായ ജൊനാഥനാണ് ഒന്നാമത്തെ ഹീറോ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഹീറോ അബിഗേലാണ്. അബിഗേല്‍ പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച രണ്ട് പേരാണ് മൂന്നാമത്തെ ഹീറോ. കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായുള്ള ആസൂത്രണം ഒരുവര്‍ഷമായി നടത്തി. കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് ഒരു വര്‍ഷം മുന്നേ തന്നെ നിര്‍മ്മിച്ചിരുന്നു’, എ.ഡി.ജി.പി പറഞ്ഞു.
അതേസമയം, ഭാര്യ അനിതയ്ക്കും മകൾ അനുപമയ്ക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കില്ലെന്നായിരുന്നു പത്മകുമാർ ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ തങ്ങൾക്കും പങ്കുണ്ടെന്ന് അനിതയും അനുപമയും സമ്മതിച്ചു. ഇന്നലെ റെജിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. മകളുടെ പഠനവുമായി ബന്ധപ്പെട്ട പത്മകുമാറിന്റെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല. ഇന്നലെ പുലർച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്ത പ്രതികളെ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്.
Post Your Comments