കല്‍പറ്റ: സി.കെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതു ജനാധിപത്യ മുന്നണിയിലേക്ക് ചുവടുമാറി. കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ സി.കെ ജാനുവിന്റെ പാര്‍ട്ടി തീരുമാനിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മന്ത്രി എ.കെ ബാലന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് സി.കെ ജാനു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേവരെയുള്ള ചര്‍ച്ചകള്‍ അനുകൂലമാണെന്നും എന്‍ഡിഎയിലേക്ക് ഇനി തിരിച്ചു പോകാനില്ലെന്നും സി.കെ ജാനു വ്യക്തമാക്കി.
ഏത് മുന്നണിയുമായിട്ടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് എന്‍ഡിഎ വിട്ടഘട്ടത്തില്‍ സി.കെ ജാനു പരസ്യമായി പറഞ്ഞിരുന്നു. വയനാട്ടില്‍ സിപിഎം പരിപാടികളിലേക്ക് ജാനുവിനെ ക്ഷണിച്ചു തുടങ്ങി. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗം പദവി ഉള്‍പ്പെടെയുള്ള സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്താണ് ബി.ജെ.പി നേതൃത്വം ജാനുവിനെ എന്‍ഡിഎയുടെ ഭാഗമാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സി.കെ ജാനു ബത്തേരിയില്‍ മത്സരിക്കുകയും ചെയ്തു. അന്ന് പ്രതീക്ഷിച്ചത്ര എന്‍.ഡി.എ വോട്ടുകള്‍ കിട്ടിയില്ലെങ്കിലും അതൃപ്തി അറിയിക്കാതെ ജാനു മുന്നണിയില്‍ തുടരുകയായിരുന്നു. നിരന്തരമായി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും എന്‍ഡിഎ നേതൃത്വം വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ മാറ്റം നടന്നിരിക്കുന്നത്.
Post Your Comments