ന്യൂഡല്‍ഹി: സെന്റിനല്‍ ദ്വീപില്‍ യുഎസ് മതപ്രഭാഷകന്‍ ജോണ്‍ അലന്‍ ചൗ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍, വംശനാശ ഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായി. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മതപ്രചാരണം നടത്തുന്നതിനായി എത്തിയപ്പോഴാണ് ജോണ്‍ അമ്പേറ്റ് കൊല്ലപ്പെട്ടത്.
ഇതിന് ശേഷം ഗോത്രവര്‍ഗക്കാര്‍ മറവ് ചെയ്ത മൃതദേഹം വീണ്ടെടുക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. ക്രിസ്തുമത പ്രചാരണത്തിന് വേണ്ടിയാണ് താന്‍ ദ്വീപിലേക്ക് പോകുന്നതെന്ന് അലന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതെ സമയം ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരൻ മരണം മുന്നിൽക്കണ്ടിരുന്നെന്ന് സ്ഥിരികരിക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്.
ദ്വീപിലെത്താനുളള എല്ലാ മുന്നോരുക്കങ്ങളും ജോൺ അലൻ ചൗ നടത്തിയിരുന്നു. ഗോത്രവർഗ്ഗക്കാരുടെ ആക്രമണത്തെ ചെറുക്കാൻ നെഞ്ചിലും വയറിലും ഷീൽഡുകൾ ധരിച്ചാണ് അലൻ ദ്വീപിലെത്തിയത്. വൈറ്റമിൻ ഗുളികളും രക്തം കട്ടപിടിക്കാനുളള മരുന്നുകളും അലൻ കരുതിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഗോത്രവർഗക്കാരെ സന്തോഷിപ്പിക്കാൻ നിരവധി സമ്മാനങ്ങളും കയ്യിൽ കരുതിയിരുന്നു.
ചൂണ്ടകൾ, തുവാലകൾ, റബർ ട്യൂബുകൾ തുടങ്ങി നിരവധി സാധനങ്ങൾ അലൻ കയ്യിൽ കരുതിയിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാരാണ് സെന്റിനൽ ദ്വീപിലേത്. ആദ്യതവണയെത്തിയപ്പോൾ പത്തുവയസുളള ഒരു കുട്ടി അലനെതിരെ അമ്പെയ്തിരുന്നു. അലന്റെ ബൈബിളിലാണ് അമ്പ് കൊണ്ടത്. അന്ന് മടങ്ങിയ അലൻ വീണ്ടും ദ്വീപിലേക്ക് മടങ്ങിച്ചെല്ലാൻ തീരുമാനിക്കുകയായിരുന്നു.ദ്വീപിലെ ഗോത്രവർഗ്ഗക്കാരെ മതപരിവർത്തനം ചെയ്യുകയായിരുന്നു അലന്റെ ഉദ്ദേശ്യം.
”ദൈവമേ, ഇവിടെയുള്ള ആരും നിന്റെ നാമം കേട്ടിട്ടില്ല. ഇത് സാത്താന്റെ അവസാനത്തെ കോട്ടയാണോ?” അലന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. പത്തുവയസുകാരൻ തനിക്കെതിരെ അമ്പയെതതിനെ കുറിച്ചും സങ്കടത്തോടെ അലൻ ഡയറിയിൽ കുറിച്ചിരുന്നു. മണലിൽ കുഴിച്ചിട്ട അലന്റെ മൃതദേഹത്തിനു വേണ്ടിയുളള ശ്രമം ഇപ്പോഴും തുടരുകയാണ്. ഗോത്രവർഗക്കാരുടെ ആക്രമണം കാരണം ആർക്കും ദ്വീപിൽ പ്രവേശിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ദ്വീപ് നിവാസികളെ അനുനയിപ്പിച്ച് മൃതദേഹം വീണ്ടെടുക്കാനുളള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ ഇത് സാധ്യമല്ലെന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. അതേസമയം ദ്വീപ് നിവാസികളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നും മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമം തുടരരുതെന്നുമാണ് നരവംശ ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും ആന്‍ഡമാനിലെ പരിസ്ഥിതി സംഘടനകളുടേയും അഭിപ്രായം.ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംരക്ഷിത ഗോത്രവര്‍ഗമായ സെന്റിനല്‍ വംശജരുമായി ഏറ്റുമുട്ടലിലേക്ക് പോകേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നാണ് സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ സംഘടന ആവശ്യപ്പെട്ടത്. ഏറ്റുമുട്ടലുണ്ടായാല്‍ അത് ഇരു കൂട്ടര്‍ക്കും ദോഷകരമാകുമെന്നും സംഘടനയുടെ ഡയറക്ടര്‍ സ്റ്റീഫന്‍ കോറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹത്തെ വെറുതേ വിടുക. അതുപോലെ തന്നെയാണ് സെന്റിനല്‍ വംശജരുടെ കാര്യവും. അവരേയും ഉപദ്രവിക്കരുത്. ഒരു പകര്‍ച്ചവ്യാധിയോ മറ്റോ ആ ദ്വീപിലെത്തിയാല്‍ ഒരു വംശം മുഴുവനായും തുടച്ചുനീക്കപ്പെടുമെന്നും അവര്‍ ആശങ്ക പങ്ക് വച്ചു.
നിലവില്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഗോത്രവര്‍ഗത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് നീക്കം. ചൊവ്വാഴ്ചയും മേഖലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ബോട്ട് ഇവിടേക്ക് അയച്ചിരുന്നു. ഇവിടേക്ക് കടക്കാന്‍ നോക്കിയാല്‍ അമ്പും വില്ലും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഇവര്‍ തങ്ങളുടെ ദ്വീപിനെ സംരക്ഷിക്കാന്‍ രംഗത്ത് വന്നേക്കുമെന്ന് സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ വക്താവ് വ്യക്തമാക്കി.
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ആണ് നോർത്ത് സെന്‍റിനൽ. അവിടെ മാത്രം ജനിച്ചു മരിച്ചു ജീവിക്കുന്ന ഗോത്രമനുഷ്യരാണ് സെന്‍റിനൽസ് എന്നറിയപ്പെടുന്നത്. കാടിനെയും കടലിനെയും ആശ്രയിച്ചാണ് സെന്റിനെൽ ദ്വീപ് നിവാസികളുടെ ജീവിതം. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സെന്റിനെൽ ഉൾപ്പെടുന്ന ദ്വീപുസമൂഹത്തെ കോളനിവത്ക്കരിക്കാൻ ശ്രമിക്കുമ്പോൾ 8000 പേരോളം ഇവിടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
ദീർഘനാളായുള്ള ഏകാന്തവാസത്തെത്തുടർന്ന് ഇവരുടെ പ്രതിരോധശക്തി ക്ഷയിച്ചു. അസുഖങ്ങള്‍ക്കും അണുക്കൾക്കുമെല്ലാം എളുപ്പം കീഴടങ്ങാനുള്ള സാധ്യതയുണ്ട്. കണക്കുകളിൽ 150 ആണ് നിലവിൽ ഇവിടുത്തെ ജനസംഖ്യ. എന്നാൽ ചിത്രങ്ങളും മറ്റും ആസ്പദമാക്കിയുള്ള ദേശീയ സെൻസസ് പ്രകാരം പതിനഞ്ചോളം പേർ മാത്രമേ ഇപ്പോള്‍ ഈ ദ്വീപിലുള്ളൂ എന്നും കരുതപ്പെടുന്നു.
Post Your Comments