കൊച്ചി∙ ഐപിഎൽ വാതുവയ്പുകേസുമായി ബന്ധപ്പെട്ട് ഇപ്പോഴും നീതിക്കായി പോരാടുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചും ഡൽഹി പൊലീസിനെയും ബിസിസിഐയെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചും ഭാര്യ ഭുവനേശ്വരി കുമാരി രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെയാണ് ഭുവനേശ്വരിയുടെ രംഗപ്രവേശം. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ മൽസരാർഥിയായ ശ്രീശാന്ത്, വാതുവയ്പു കേസുമായി ബന്ധപ്പെട്ട് കടന്നുപോയ ദുരനുഭവങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം കണ്ണീരോടെ തുറന്നുപറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് ഭുവനേശ്വരിയുടെ കത്ത് ചർച്ചയാകുന്നത്. ഐപിഎല്‍ വാതുവെയ്‌പ്പ് കേസില്‍ ഡല്‍ഹി പൊലീസിനെയും ബിസിസിഐയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണങ്ങളുമായാണ് ഭുവനേശ്വരിയുടെ കത്ത്. നിര്‍ഭയ കേസിലെ വീഴ്ച മറച്ചു വെയ്ക്കാന്‍ ഡല്‍ഹിയിലെ ഒരു പൊലീസ് ഓഫിസര്‍ ശ്രീയെ ബലിയാടാക്കുകയായിരുന്നു എന്നതാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഭുവനേശ്വരിയുടെ കത്തിലെ പ്രധാന ആരോപണം.ഡല്‍ഹി പൊലീസ് മെനഞ്ഞുണ്ടാക്കിയതാണ് ഈ വാതുവെയ്‌പ്പ് കഥ. ശ്രീയെക്കുറിച്ച് അറിയാവുന്ന ആരും ഇത് വിശ്വസിക്കുകയില്ല.
അന്ന് കത്തിനിന്നിരുന്ന നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കായുള്ള മുറവിളി ശക്തമായതോടെ സമ്മര്‍ദ്ദത്തിലായ ഡല്‍ഹിയിലെ പൊലീസ് ഓഫിസര്‍ കെട്ടിച്ചമച്ചതാണ് ഐപിഎല്‍ വാതുവെയ്‌പ്പ് കേസ്. കേസില്‍ തനിക്കു സംഭവിച്ച വീഴ്ചകള്‍ ജനങ്ങളില്‍നിന്ന് മറയ്ക്കാന്‍ ശ്രീയെ അയാള്‍ ബലിയാടാക്കുകയായിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളില്‍നിന്നും ശ്രീയെ 2015 ജൂലൈയില്‍ കോടതി കുറ്റവിമുക്തനാക്കിയതാണ്. എന്നാല്‍ ബിസിസിഐ ഇപ്പോഴും ശ്രീയെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ശ്രീയെ അനുവദിക്കുമെന്നും കത്തില്‍ പറയുന്നു.
10 ലക്ഷം രൂപ വാങ്ങി പറഞ്ഞുറപ്പിച്ച പ്രകാരം നിശ്ചിത ഓവറിൽ 14 റൺസ് വിട്ടുകൊടുത്തുവെന്ന ആരോപണവും ഭുവനേശ്വരി തള്ളിക്കളഞ്ഞു. ആ ഓവറിൽ ശ്രീ ബോൾ ചെയ്ത എല്ലാ പന്തും മികച്ചതാണെന്ന് അന്ന് കമന്റേറ്റർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. സംശയമുള്ളവർക്ക് കമന്ററിയുടെ ഓഡിയോ പരിശോധിക്കാം. ആദ്യത്തെ പന്തുകളിൽ ശ്രീ റൺസ് വിട്ടുകൊടുത്തിരുന്നില്ല.വൈഡോ നോബോളോ എറിഞ്ഞിട്ടില്ല. ആ ഓവറിൽ എതിർ ടീം 13 റൺസ് നേടിയെങ്കിൽ, ക്രീസിലുണ്ടായിരുന്നത് സാക്ഷാൽ ഗിൽക്രിസ്റ്റാണെന്ന് ഓർമിക്കണമെന്നും ഭുവനേശ്വരി കുറിച്ചു.
വെറും 10 ലക്ഷം രൂപയ്ക്ക് രാജ്യത്തിന്റെ സല്‍പ്പേരു കളങ്കപ്പെടുത്താനും സ്വന്തം കരിയര്‍ നശിപ്പിക്കാനും ശ്രീശാന്ത് മുതിരുമോയെന്ന ചോദ്യവും ഭുവനേശ്വരി ഉയര്‍ത്തുന്നു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത യുദ്ധത്തിലാണ് ബിസിസിഐ എങ്കിൽ കോടതി നിയോഗിച്ച മുഗ്ധൽ കമ്മിറ്റി സീൽ ചെയ്കവറിലിട്ടു നൽകിയ ആ 13 കളിക്കാരുടെ പേരു വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ഭുവനേശ്വരി ചോദിക്കുന്നു.
കത്തിന്റെ പൂര്‍ണരൂപം (പരിഭാഷ)
പ്രിയമുള്ളവരെ, ദുഃഖഭാരത്താൽ വിങ്ങുന്ന ഹൃദയത്തോടെയാണ് ഞാനിത് എഴുതുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളെക്കുറിച്ച് ശ്രീ ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത് എന്നെ വല്ലാതെ തകർത്തുകളയുന്നു. ശ്രീയും അദ്ദേഹത്തിന്റെ കുടുംബവും കടന്നുപോയതുപോലുള്ള അനുഭവങ്ങളിലൂടെ മറ്റൊരാൾക്കും പോകാനിട വരാതിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. മൊഹാലിയിൽ വാതുവയ്പുകാരിൽനിന്ന് 10 ലക്ഷം രൂപ വാങ്ങി ശ്രീ ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കുകയും ഇതേക്കുറിച്ച് ഒരു ടവ്വൽ ധരിച്ച് അവർക്കു സൂചന നൽകുകയും ചെയ്തെന്നാണ് 2013ലെ ഐപിഎൽ വാതുവയ്പുകേസിൽ ഡൽഹി പൊലീസിന്റെ ആരോപണം.
ക്രിക്കറ്റിനെക്കുറിച്ച് ധാരണയുള്ള എല്ലാവര്‍ക്കും അറിയാം, ആ ഓവറിന്റെ ആദ്യ കുറച്ചു പന്തുകളില്‍ ശ്രീ റണ്‍സ് വിട്ടുകൊടുത്തിട്ടില്ല. നോബോളോ വൈഡോ ആ ഓവറില്‍ എറിഞ്ഞിട്ടില്ല. ആ ഓവറില്‍ 13 റണ്‍സ് പിറന്നത് ക്രീസിലുണ്ടായിരുന്നത് സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റ് ആയിരുന്നതുകൊണ്ടു മാത്രമാണ്. ആ ഓവറിലെ ഓരോ പന്തും കമന്റേറ്റര്‍മാരുടെ പ്രശംസയ്ക്ക് വിധേയമായതാണ്. ആ മല്‍സരത്തിന്റെ കമന്ററി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ഗില്‍ക്രിസ്റ്റിനേപ്പോലൊരു ബാറ്റ്‌സ്മാനു മാത്രമേ ഈ പന്തുകള്‍ ബൗണ്ടറി കടത്താനാകൂ എന്ന് അവര്‍ പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്.എന്നും കൂടെയുള്ള അതേ ആവേശത്തോടെയാണ് അന്നും ശ്രീ ബോള്‍ ചെയ്തത്. ടീമിനെ വിജയിപ്പിക്കണമെന്ന ആവേശവും ബോളിങ്ങില്‍ പ്രകടമായിരുന്നു. ആ മല്‍സരം നടക്കുമ്പോള്‍ അന്തരീക്ഷ ഊഷ്മാവ് 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അതുകൊണ്ടുതന്നെ വിയര്‍പ്പ് തുടയ്ക്കാന്‍ എല്ലാവരും തന്നെ ടവ്വല്‍ ധരിച്ചിരുന്നു.
പൊലീസ് വാതുവയ്പുകാരനെന്ന് പറയുന്ന ജിജു, പ്രഫഷണല്‍ രഞ്ജി ട്രോഫി താരവും ഇന്ത്യയ്ക്കായി കളിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയുമാണ്. അതിനായി ആകുന്ന സഹായമെല്ലാം ശ്രീ അദ്ദേഹത്തിനു ചെയ്തുകൊടുത്തിരുന്നു. ഇരുവരും എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍നിന്ന് ആയതിനാല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒപ്പം യാത്ര ചെയ്യുന്നതും പതിവായിരുന്നു. ശ്രീയെക്കുറിച്ച് അറിയാവുന്ന ആരും ഡല്‍ഹി പൊലീസ് മെനഞ്ഞുണ്ടാക്കിയ ഈ വാതുവയ്പു കഥ വിശ്വസിക്കില്ല.
അന്ന് കത്തിനിന്നിരുന്ന നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കായുള്ള മുറവിളി ശക്തമായതോടെ സമ്മര്‍ദ്ദത്തിലായ ഡല്‍ഹിയിലെ പൊലീസ് ഓഫിസര്‍ കെട്ടിച്ചമച്ച കേസാണിത്. കേസില്‍ തനിക്കു സംഭവിച്ച വീഴ്ചകള്‍ ജനങ്ങളില്‍നിന്ന് മറയ്ക്കാന്‍ ശ്രീയെ അയാള്‍ ബലിയാടാക്കുകയായിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളില്‍നിന്നും ശ്രീയെ 2015 ജൂലൈയില്‍ കോടതി കുറ്റവിമുക്തനാക്കിയതാണ്.മറ്റുള്ളവര്‍ക്കായി എല്ലാം വിട്ടുകൊടുക്കുന്നതിലാണ് മഹത്വം എന്ന് എക്കാലവും വിശ്വസിച്ചിരുന്ന ശ്രീയേപ്പോലൊരാള്‍, രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന ഇത്തരമൊരു തലത്തിലേക്ക് സ്വയം താഴില്ല.
കുറച്ചു ലക്ഷങ്ങള്‍ക്കായി തന്റെ കരിയര്‍ തന്നെ നശിപ്പിക്കുകയുമില്ല. തിരികെയൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കായി കൊടുക്കുന്നതായിരുന്നു ശ്രീക്കു ശീലം.ക്രിക്കറ്റിന് തീര്‍ച്ചയായും പ്രായപരിധിയുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതി തന്നെയാണ്. കോടതിയില്‍നിന്ന് ക്ലീന്‍ ചിറ്റ് കിട്ടിയിട്ടും ബിസിസിഐ ഇപ്പോഴും അയയാതെ നില്‍ക്കുകയാണ്. ‘ഒരിടത്തുമാത്രമുള്ള നീതികേട്, എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്’.
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍, കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീ ശിക്ഷയനുഭവിക്കുന്നത് എന്തിനാണ്? ഇനി, അഴിമതിക്കെതിരെ സന്ധിയില്ലാത്ത യുദ്ധത്തിലാണ് അവരെങ്കില്‍ കോടതി നിയോഗിച്ച മുഗ്ധല്‍ കമ്മിറ്റി സീല്‍ ചെയ്ത കവറിലിട്ടു നല്‍കിയ ആ 13 കളിക്കാരുടെ കാര്യമെന്തായി? എന്തിനാണ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാട്ടുന്നത്? എന്തുകൊണ്ടാണ് ശ്രീ മാത്രം ശിക്ഷിക്കപ്പെടുന്നത്? കുറ്റക്കാരനല്ലെന്ന് വിധി വന്നിട്ടും ഇന്നും നീതിക്കായി അദ്ദേഹം പോരാടേണ്ടി വരുന്നത് എന്തുകൊണ്ടാണ്?
ബഹുമാനപ്പെട്ട ബിസിസിഐ അധികൃതര്‍ ശ്രീയുടെ ജീവിതം തന്നെയായ ക്രിക്കറ്റിലേക്ക് മടങ്ങാന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നാണ് എന്റെ പ്രതീക്ഷ. നീതിക്കായുള്ള ശ്രീയുടെ പോരാട്ടത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കുകയും അദ്ദേഹത്തോടൊപ്പം നിന്ന് എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
Heart to Heart message for #SreeFam
A False accusation can ruin person’s life. @sreesanth36 #sreesanth #bb12 #BigBoss12 pic.twitter.com/j95JtvxtlT— Bhuvneshwari Sreesanth (@Bhuvneshwarisr1) November 27, 2018
Post Your Comments