കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബി.ജെ.പിക്കാരെന്നും ജോര്‍ജ് പറഞ്ഞു. ബി.ജെ.പിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് -സി.പി.എം വോട്ട് കച്ചവടം നിര്‍ത്തുകയാണ് ജനപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആഞ്ഞടിച്ചു. നിയമസഭയില്‍ തനിക്ക് സഹകരിക്കാന്‍ കഴിയുന്നത് ഒ.രാജഗോപാലുമായി മാത്രമാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചു.
പ്രതികരിച്ചത് ബി.ജെ.പി മാത്രമാണ്. ബി.ജെ.പിയില്‍ ചേരില്ല, സഹകരണം മാത്രമാണുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും കേരള ജനപക്ഷവും സഭയ്ക്കുള്ളില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ളയും ജനപക്ഷം നേതാവ് പി.സി ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മില്‍ സഭയിലുള്ള സഹകരണം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികള്‍ക്ക് ഒപ്പം നില്ക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളില്‍ ശക്തമായി തുടരും.
Post Your Comments