Latest NewsKeralaIndia

സെൻകുമാറിന് പുതിയ കുരുക്കുമായി സർക്കാർ: ഹൈക്കോടതിയില്‍ സത്യവാങ്മൂലം

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. സെന്‍കുമാറിനെ ബി.ജെ.പി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ തന്റെ നിയമനം സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിച്ചുവെന്ന് ആരോപിച്ച്‌ സെന്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അതുകൊണ്ടു തന്നെ ഇത്തരം നിയമനങ്ങൾക്ക് സെൻകുമാറിന് യോഗ്യതയില്ലെന്നാണ് സർക്കാരിന്റെ വാദം. തനിക്കെതിരായ ചാരക്കേസില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ പരാതിയില്‍ ഏഴാം കക്ഷിയായി ചേര്‍ത്തിരിക്കുന്നത് സെന്‍കുമാറിനെയാണ്.

ഇതിന്റെ യാഥാർഥ്യം നായനാർ സർക്കാരിന്റെ കാലത്തു സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നമ്പി നാരായണനെതിരായ കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാര്‍ നിയോഗിക്കപ്പെട്ടു എന്നതാണ്. സി.ബി.ഐ അന്വേഷിച്ച കേസ് തിരികെ വാങ്ങി പുനരന്വേഷിച്ചത് സര്‍ക്കാര്‍ തീരുമാനമായിരുന്നുവെന്നാണ് സെന്‍കുമാര്‍ പറയുന്നത്. നായനാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് പ്രകാരമാണ് താന്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ചതെന്നും ഇടതു സര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിച്ചത് കുറ്റമാണോയെന്നും സെന്‍കുമാര്‍ ചോദിക്കുന്നു.

കോടതിയുടെ ഉത്തരവോടെ കേസില്‍ അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം നിലക്കുകയായിരുന്നു. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെന്‍കുമാറാണെന്ന വിചിത്ര വാദമാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരിക്കുന്നത്.

അതെ സമയം ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കുകയാണ് താൻ ചെയ്‌തതെന്നും തന്റെ പേരില്‍ മുൻപ് ചുമത്തിയ കള്ളക്കേസുകള്‍ പോലെ ഇതിനെയും നേരിടുമെന്നുമാണ് സെൻ കുമാർ പറയുന്നത്. കൂടാതെ ഇപ്പോഴത്തെ കേസുകള്‍ക്കായി ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഫണ്ടാണോ എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button