KeralaLatest NewsIndia

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം: ശബരിമലയിലും ബന്ധു നിയമനത്തിലും ശശി വിഷയത്തിലും വിയർത്ത് സർക്കാർ

വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാല്‍ സഭാന്തരീക്ഷവും സമരമുഖരിതമാവും എന്നുറപ്പാണ്. 

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷ നീക്കം. ശബരിമല മുതല്‍ പികെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗികാരോപണവും തുടര്‍ന്നുള്ള പാര്‍ട്ടിനടപടികളും മുതല്‍ ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാന്‍ വിഷയങ്ങള്‍ അനവധിയാണ്. ശബരിമലയിലെ വിവാദത്തിൽ സുപ്രീംകോടതി വിധി ഉയര്‍ത്തി സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കും. പക്ഷെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാല്‍ സഭാന്തരീക്ഷവും സമരമുഖരിതമാവും എന്നുറപ്പാണ്.

ആദ്യ ദിവസങ്ങളില്‍ പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിക്കാനും ഇറങ്ങിപ്പോവാനും സാധ്യതയുണ്ട്. 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കും. മഞ്ചേശ്വരം എം.എല്‍.എ,ആയിരുന്ന പി.ബി.അബ്ദുല്‍ റസാഖിനു ചരമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിയിലെ വീഴ്ചകളും പ്രതിപക്ഷം ആയുധമാക്കും.ബന്ധു നിയമനം റദ്ദാക്കിയെങ്കിലും കെ.ടി.ജലീല്‍, ജി.സുധാകരന്‍ എന്നിവരുടെ സ്വജനപക്ഷപാതവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. പുറത്ത് കോടതി വിധിക്കെതിരെ വലിയ സമരത്തില്‍ ആണെങ്കിലും സഭയില്‍ ഒരംഗം മാത്രം ഉള്ളതിനാല്‍ ബിജെപിക്ക് സഭയില്‍ പ്രതിഷേധം കനപ്പിക്കാന്‍ ആവില്ല. ചട്ടം ലംഘിച്ച് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് പ്രതിപക്ഷത്തിന്റെ ഇടപെടല്‍ കാരണം സര്‍ക്കാറിന് നിരുപാധികം പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതിനുശേഷം ചേരുന്ന ആദ്യ സമ്മേളനമാണിത്.

മന്ത്രി ടി പി രാമകൃഷ്ണനെ ആയിരിക്കും ഈ വിഷയത്തിൽ പ്രതിപക്ഷം മുള്‍മുനയില്‍ നിര്‍ത്തുക. ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക.ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരിക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എസമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button