വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഭീമന്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. 2008ല്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്കര്‍ക്കാണ് തുക ലഭിക്കുക. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍(35 കോടിയിലധികം രൂപ) ആണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്സ് ഫോര്‍ ജസ്റ്റിസ് (ആര്‍.എഫ്.ജെ) ആണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ 2008 നവംബര്‍ 26നാണ് ഭീകരാക്രമണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന് ആക്രമണത്തില്‍ ആറ് അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ അടക്കം 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മുംബൈ ഭീകരാക്രമണത്തെ പൈശാചികമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. അതേസമയം ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും അവരുടെ സഹസംഘടനകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്താനും മറ്റ് രാജ്യങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണം നടന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആക്രമണം ആസൂത്രണം ചെയ്തവരെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ജീവന്‍ നഷ്ടപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണ്. ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഇന്ത്യന്‍ ജനതയ്ക്കും മുംബൈ നഗരത്തിനും അമേരിക്കന്‍ ഭരണകൂടത്തിന്റെയും അമേരിക്കന്‍ ജനതയുടെയും പേരില്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും പോംപിയോ പറഞ്ഞു.
26/11 എന്നാണ് ഈ ഭീകരാക്രമണം അറിയപ്പെടുന്നത്. 10 ലഷ്‌കര്‍ ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തത്. കടല്‍ കടന്നാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. അക്രമികളില്‍ ഒമ്പത് പേര്‍ സുരക്ഷാ സേനകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജീവനോടെ പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റി. അക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഈ തൊയ്ബയാണ് തെളിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ആസൂത്രകരില്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.
Post Your Comments