ചെന്നൈ∙: ഒൻപതു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന മകനുവേണ്ടി പിതാവ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ദയാവധത്തിനുള്ള ഹർജി കോടതി തള്ളി. പകരം കുട്ടിക്ക് പുതിയ ചികിത്സാ രീതി നൽകാനാണ് കോടതി വിധിച്ചത്.
ജന്മനാ അപൂർവമസ്തിഷ്കരോഗത്തെ തുടർന്ന് അബോധാവസ്ഥയിലായ ഒൻപതുവയസ്സുകാരനായ മകന് ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകാറുണ്ടെന്നും ചികിൽസകളൊന്നും ഫലിക്കുന്നില്ലെന്നും ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷ ദയാവധത്തിന് അനുവദിക്കണമെന്നും പിതാവ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദോസ് എന്നിവർ കുട്ടിയെ പരിശോധിക്കാൻ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചതാണു വഴിത്തിരിവായത്. കുട്ടിക്ക് ട്രിഗർ പോയിന്റ് തെറപ്പി എന്ന ചികിൽസ നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിരുദ്ധ മെഡിക്കൽ ഓർഗനൈസേഷൻ കോടതിയെ സമീപിക്കുകയുണ്ടായി.
കുട്ടിയിൽ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയതിന്റെ വീഡിയോ കഴിഞ്ഞദിവസം മൂന്നംഗ വിദഗ്ധസമിതി കോടതിയിൽ ഹാജരാക്കി. കുട്ടി പരസഹായമില്ലാതെ എഴുന്നേറ്റിരിക്കുന്നതിന്റെയും വെളിച്ചത്തോടും നിർദേശങ്ങളോടും പ്രതികരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ.
Post Your Comments